കൊച്ചി: കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അഞ്ജലി റിമ ( Anjali Reema Dev ) ദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിൽ അവ്യക്തത. അന്വേഷണസംഘത്തിൻറെ നോട്ടീസ് അഞ്ജലി നേരിട്ട് കൈപ്പറ്റിയിട്ടില്ല. കേസിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പരാതിക്കു പിന്നിൽ ബ്ലാക് മെയിലിങ്ങാണെന്നാണ് പ്രതികളുടെ വാദം.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.
ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയിരുന്നു. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്‍റെ പേര് മനപൂർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.
കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.