ലിവീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തേക്ക് എത്തിച്ചത്. ലിവീവിൽ എത്തിക്കുന്ന വിദ്യാർത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതിൽ ഏതെങ്കിലും ഒരു രാജ്യത്തിൻ്റെ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവിൽ ഇന്ത്യൻ എംബസിയുടെ തീരുമാനം. അപകടമേഖലയിൽ നിന്നും വിദ്യാർത്ഥികളെ ലിവീവിൽ എത്തിച്ചാൽ തന്നെ വലിയ അളവിൽ ആശങ്കയൊഴിയും എന്നാണ് വിദേശകാര്യമന്ത്രാലയത്തിൻ്റെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസവും വെടിനിർത്തലിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഈ നീക്കം യുക്രെയ്ൻ സൈന്യം തടഞ്ഞിരുന്നു.
കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി വിവരം. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥിയാണ് യുദ്ധ മുന്നണിയിൽ (Russia Ukraine Crisis) സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയാണ് സായി നികേഷ്. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നതായാണ് വിവരം. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സായി നികേഷിനെ ഫോണിൽ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതൽ പ്രതികരിച്ചില്ല. 2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.