തിരുവനന്തപുരം: ഇന്നു മുതല്‍ 13 വരെ കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരമായി ആഘോഷിക്കും. സംസ്ഥാനത്തുടനീളം വനിതകള്‍ക്കു മാത്രമായുള്ള വിനോദ യാത്രകളാണ് പദ്ധതിയിലുള്ളത്. വനിതാ ദിനത്തോടനുബന്ധിച്ചാണ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. നിംസ് മെഡിസിറ്റി വനിതാ ജീവനക്കാര്‍ക്കായി മണ്‍റോതുരുത്ത്, സാബ്രാണിക്കോടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്ക് നടത്തുന്ന ട്രിപ്പാണ് ആദ്യത്തേത്.
കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹക്കൂട്ടിലെ വനിതാ അന്തേവാസികള്‍ക്കായി വാഗമണ്ണിലേക്ക് സ്നേഹ സാന്ത്വന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 100 വനിതകള്‍ മാത്രമുള്ള ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ച് തീരദേശ വനിതകള്‍ പങ്കെടുക്കുന്ന 4 ദിവസം നീണ്ടു നില്ക്കുന്ന തിരുവനന്തപുരം – കോഴിക്കോട് യാത്ര നടത്തും. കൊച്ചി വണ്ടര്‍ലായുമായി സഹകരിച്ച് 20 ട്രിപ്പുകളും നടത്തും. വനിതകള്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഉല്ലാസയാത്ര നടത്താമെന്ന സന്ദേശമാണ് ഇതുവഴി മുന്നോട്ടുവയ്ക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇന്ന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്കും സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേള്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങള്‍ ക്ലിക്ക് ചെയ്ത് കെഎംആര്‍എല്ലിന് അയച്ചുകൊടുക്കുക. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് 20 പേരെ തിരഞ്ഞെടുക്കും. മാര്‍ച്ച് എട്ടിന് കൊച്ചി മെട്രോ ഒരുക്കുന്ന വേദിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.