മലപ്പറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു മരണം.
പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ്. മാതാപിതാക്കള്‍ക്കൊപ്പം കോയമ്പത്തൂരില്‍ നിന്നും എത്തിയതായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം എത്തിയതിനു ശേഷം മാത്രമേ കൊവിഡ് മൂലമാണോ മരണമെന്ന് വ്യക്തമാകൂ.
അതേസമയം കൊവിഡ് ബാധിച്ച് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ ഇളയിടത്ത് ഹംസക്കോയ (61)യും മരണത്തിന് കീഴടങ്ങി. ശനിയാഴ്ച രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജിലായിരുന്നു മരണം. ഇദ്ദേഹത്തിന്റെ മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 10 ദിവസം മുമ്പ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ.
ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. ഹംസക്കോയ സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. നെഹ്‌റു ട്രോഫി ഇന്ത്യന്‍ ടീം അംഗവും മോഹന്‍ബഗാന്‍ താരവുമായിരുന്നു.