കൊച്ചി:യുവനടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നടി ഗായത്രി സുരേഷ് അഭിമുഖങ്ങളില്‍ വെച്ച് പലതവണ തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ ഈ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഗായത്രിയുടെ ഈ തുറന്നു പറച്ചിലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് അനഘ എന്ന യുവതി. അഞ്ചോ പത്തോ സിനിമകളില്‍ നായകന്‍ ആയ ഒരു യുവനടന്‍ തന്നെക്കാള്‍ എക്സ്പീരിയന്‍സ് കുറഞ്ഞ ഒരു യുവനടിയെ വിവാഹം ചെയ്താല്‍ കൊള്ളാം എന്ന് ആവര്‍ത്തിച്ച് പറയുകയാണെങ്കില്‍ ആഘോഷിക്കുന്ന പാപ്പരാസികള്‍ ഗായത്രിയെ ട്രോളുന്നത് എന്തിനാണെന്ന് അനഘ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഗായത്രി സുരേഷ് ഈ ട്രോളുകൾ അർഹിക്കുന്നില്ല; നാദിയ മൊയ്ദു ആ വളിച്ച ചോദ്യവും. രണ്ട് സിനിമയിൽ അഭിനയിച്ച് കുറച്ച് ഫെയിം കൈവരുമ്പോഴേക്ക് ഭാഷ പോളിഷ്ഡ് ആക്കി ഇംഗ്ലീഷ് കലർത്തി സംസാരിക്കുന്ന സെലിബ്രിറ്റികളെ മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണ്, മെയ്ക്കപ്പ് ഇട്ട്, ക്യാമറയ്ക്ക് മുന്നിൽ ഇരുന്ന് ഗായത്രി തൃശ്ശൂർ ഭാഷ സംസാരിക്കുമ്പോൾ പലർക്കും പൊള്ളുന്നത്. ഭാഷയുടെ പേരിൽ നിരന്തരം പരിഹാസവും വിലകേടും നേരിടുന്ന ആളാണ് ഞാൻ. എന്റേത് തനി തൃശ്ശൂർ ഭാഷയാണ്. എത്ര ഫോർമൽ ആയ സാഹചര്യത്തിലും മലയാളം പറയേണ്ടി വന്നാൽ യാതൊരു ജാള്യതയും കൂടാതെ ഞാൻ തൃശ്ശൂർ ഭാഷ സംസാരിക്കും. അത് കേട്ട് ‘അയ്യേ’ എന്ന് ചിന്തിക്കുന്നവരോട് പുച്ഛം മാത്രമാണ് തോന്നിയിട്ടുള്ളത്.ഒരു നടി സ്വന്തം പ്രണയം നാണത്തോടെ, മുഖം താഴ്ത്തി തുറന്ന് പറഞ്ഞാൽ അത് തീർച്ചയായും ഒരു വൈറൽ കണ്ടന്റ് ആണ്. ഒരുപക്ഷേ കാഷ്വൽ ക്രഷുകൾ തമാശ പോലെ തുറന്നുപറഞ്ഞാലും ജനം അംഗീകരിച്ചേക്കും.
അതുപോലെ അല്ല ഓപ്പൺ പ്രപ്പോസൽ. പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ട് എന്ന് ഗായത്രി പറഞ്ഞപ്പോൾ മുതൽ ‘അവൾക്ക് അതിനുള്ള അർഹത എന്ത്’ എന്ന തരത്തിൽ ആണ് പ്രതികരണങ്ങളും ട്രോളുകളും. ആരാണീ പ്രണവ് മോഹൻലാൽ? ഒരു യുവനടൻ. ഒരുപക്ഷേ ഗായത്രിയേക്കാൾ എക്‌സ്പീരിയൻസ് കുറഞ്ഞ നടൻ. നിങ്ങൾ ഈ സാഹചര്യം തിരിച്ചൊന്ന് ചിന്തിച്ച് നോക്കൂ, അഞ്ചോ പത്തോ സിനിമകളിൽ നായകൻ ആയ ഒരു യുവനടൻ തന്നെക്കാൾ എക്‌സ്പീരിയൻസ് കുറഞ്ഞ ഒരു യുവനടിയെ വിവാഹം ചെയ്താൽ കൊള്ളാം എന്ന് ആവർത്തിച്ച് പറയുകയാണെങ്കിലോ?
അണിയറക്കാർ അവരെ ഒന്നിച്ച് സിനിമ പ്ലാൻ ചെയ്യും, മാസികകൾ ഫോട്ടോഷൂട്ട് നടത്തും, ഇതേ വിഷയം ആവർത്തിച്ച് അഭിമുഖങ്ങൾ നടത്തും, പാപ്പരാസികൾ കഥയിറക്കും.. അതെന്താണ്, പ്രണവിനെക്കാൾ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ള, തൃശ്ശൂർ ഭാഷ സംസാരിക്കുന്ന ഗായത്രിക്ക് ഒരു കുറവ്? പ്രണവിനെയും ഗായത്രിയെയും വച്ച് ഈ പ്രഹസനം എല്ലാം കാണിക്കണം എന്നല്ല പറയുന്നത്; മറിച്ച് ആദ്യത്തെ കേസിലും ഇനി മുതൽ ഗായത്രിയോട് കൈക്കൊള്ളുന്ന സമീപനം നിങ്ങൾ സ്വീകരിക്കുമോ എന്നാണ് ചോദിക്കുന്നത്. വണ്ടി ഇടിച്ച് നിർത്താതെ പോയ കഥ ഇനി പറയണ്ട, ചെയ്ത തെറ്റ് തെറ്റ് തന്നെയാണ്. അതാണ് പ്രശ്നം എങ്കിൽ അത് മാത്രം പറഞ്ഞാൽ മതി. അപ്പോൾ കൂടെ ഉണ്ടായിരുന്ന പുരുഷൻ ആര് എന്നൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. അതുകൊണ്ട് ഗായത്രി അഭിനേത്രി അല്ലാതെ ആകുന്നുമില്ല.
മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി തോന്നുന്നുണ്ടോ, മമ്മൂട്ടിയിൽ നിന്ന് പഠിച്ചത് എന്ത് തുടങ്ങിയ കൂറ ചോദ്യങ്ങൾ നാദിയ മൊയ്ദുവിനോട് ചോദിച്ച അതേ ചിന്താഗതി ആണ് ഇന്ന് ഗായത്രിയെ മോശക്കാരി ആക്കുന്നത് – ‘പുരുഷന്മാർ ആരാധിക്കപ്പെടേണ്ടവർ ആണ്. സ്ത്രീകൾ അവർക്ക് താഴെ കുലീനതയോടെ നിൽക്കേണ്ടവളും.’ അല്ലെങ്കിൽ തൃശ്ശൂർ ഭാഷ കലർപ്പില്ലാതെ സംസാരിക്കുന്ന ഇന്നസെന്റിനെക്കാൾ കുറച്ചിൽ ഗായത്രിക്ക് വരേണ്ടത് ഇല്ലല്ലോ..