തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വ്വം’ തിയേറ്ററുകളിലെത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി മുഴുവന്‍ സീറ്റുകളിലും പ്രദര്‍ശനം അനുവദിച്ച ശേഷമുള്ള മലയാളത്തിലെ ആദ്യ മാസ് റിലീസാണ് ‘ഭീഷ്മ പര്‍വ്വം’. മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് ആദ്യ സൂചനകള്‍.
അതേസമയം ചിത്രത്തെ ഡീഗ്രേഡ് ചെയ്ത് തകര്‍ക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് തുടങ്ങി. അടുത്തിടെ പുറത്തിറങ്ങിയ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’, ‘ബ്രോ ഡാഡി’, ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ തുടങ്ങിയ ചിത്രങ്ങള്‍ നേരിട്ടത് വ്യാപകമായ എതിര് പ്രചാരണങ്ങളാണ്. ഇത് ചിത്രങ്ങളുടെ വിജയത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. ഇതിന് പകരം വീട്ടാനുള്ള ഒരുക്കങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം തയ്യാറായി കഴിഞ്ഞുവെന്നാണ് സൂചന.
സിനിമ റിലീസാകുന്നതിന് മുമ്ബു തന്നെ ഡീഗ്രേഡിങ് തുടങ്ങുന്ന തരത്തിലാണ് സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള യുദ്ധം. മതവും രാഷ്ട്രീയവും എടുത്തുകാട്ടിയുള്ള സമൂഹമാധ്യമ പ്രചാരണവും പറഞ്ഞു നടക്കലും പലപ്പോഴും അതിരുകള്‍ ലംഘിക്കുന്നതാണ്. ദുരുദ്ദേശത്തോടെയുള്ള സിനിമാനിരൂപണങ്ങളും ആദ്യദിവസം മുതല്‍ പ്രത്യക്ഷപ്പെടും. ഫാന്‍സുകാര്‍ തമ്മിലുള്ള ഈ യുദ്ധത്തില്‍ വലിയ നഷ്ടം സംഭവിക്കുന്നത് തിയേറ്ററുകള്‍ക്കും നിര്‍മാതാക്കള്‍ക്കുമാണ്.
മികച്ച ചിത്രങ്ങള്‍ക്കു പോലും ഡീഗ്രേഡിങില് പെട്ട് അകാലത്തില്‍ തിയേറ്റര്‍ വിടേണ്ടി വന്നിട്ടുണ്ട്. റിവ്യൂവും എതിര്‍പ്രചാരണങ്ങളും വിശ്വസിച്ച് ശരാശരി പ്രേക്ഷകന് പടം കണ്ട് പണം കളയേണ്ട എന്ന തീരുമാനത്തിലെത്തുന്നതോടെയാണ് ചിത്രം പരാജയത്തില്‍ എത്തുക. ആത്യന്തികമായി സിനിമ വ്യവസായത്തെയാണ് ഇത് ബാധിക്കുന്നതെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ആരാധകരുടെ ഈ അപക്വവും സങ്കുചിതവുമായ കണക്കുതീര്‍ക്കല്‍.
വലിയ പ്രതീക്ഷയോടെ എത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ ഫാന്‍സ് ഷോ നിര്‍ത്തലാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുകയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫീയോക്. മോഹന്‍ലാല്‍ ചിത്രങ്ങളുടെ പ്രധാന വരുമാനവും പരസ്യവും ഇനിഷ്യല്‍ കളക്ഷനുമാണ്. ആദ്യദിനങ്ങളിലെ വരുമാനത്തില്‍ നിര്‍മാതാക്കളും തിയേറ്ററുകാരും വലിയ പ്രതീക്ഷ അര്‍പ്പിക്കാറുമുണ്ട്. മോഹന്ലാലോളമില്ലെങ്കിലും മമ്മൂട്ടി സിനിമകളുടെയും അഭിപ്രായം നിര്‍ണയിക്കുന്ന ആദ്യ ദിവസങ്ങള്‍ നിര്‍ണായകമാണ്. ഇവിടെയാണ് ഇരു വിഭാഗങ്ങളും പരസ്പരം നടത്തുന്ന ഡീഗ്രേഡിങ് കനത്ത ആഘാതമേല്‍പ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ആദ്യദിന കച്ചവടം നിയന്ത്രിക്കുന്ന ഫാന്‍സ് ഷോ വ്യവസായത്തിനു തന്നെ അപകടകരമാകുന്നുവെന്ന വിലയിരുത്തലിലാണ് തിയേറ്ററുടമകള്‍ എത്തിയിരിക്കുന്നത്. പരസ്പരം മത്സരിക്കുന്ന ആരാധകര്‍ തിയേറ്ററിന് പുറത്തിറങ്ങി മോശം പ്രചാരണം നടത്തുന്നതോടെ ചിത്രത്തിന് ലഭിക്കേണ്ട സാമാന്യ പ്രേക്ഷകരെ നഷ്ടമാകുന്നു.
FEUOK will decide to ban fans show: തിയേറ്ററിനുള്ളിലും ഫാന്‍സ് ആഭാസമാണ് നടക്കുന്നതെന്നാണ് തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഫാന്‍സ് ഷോ നിര്‍ത്തലാക്കാനുള്ള ശ്രമം. ഫിയോക്കിന്റെ എക്സിക്യൂട്ടീവ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മാര്‍ച്ച് 29ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചക്കെടുക്കും. യോഗത്തില്‍ അനുമതി ലഭിച്ചാല്‍ ഫാന്‍സ് ഷോ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് വിജയകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.