കീവ്: റഷ്യന്‍ (Russia) അനുകൂല വിഘടനവാദികള്‍ കിഴക്കന്‍ യുക്രൈയിനില്‍ നടത്തിയ മോട്ടോര്‍ഷെല്‍ ആക്രമണത്തില്‍ (separatists shelling) രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍ ( Ukraine) അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച വിഘടനവാദികള്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് 70 വെടിവയ്പ്പുകള്‍ നടത്തിയെന്നാണ് യുക്രൈയിന്‍ സൈന്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
യുക്രൈയിന്‍ സാമജികരും, വിദേശ മാധ്യമ പ്രതിനിധികളും കിഴക്കന്‍ യുക്രൈയിനിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് തന്നെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇവര്‍ സുരക്ഷിതരാണ് എന്ന് സൈന്യം അറിയിച്ചു. അതേ സമയം യുക്രൈയിന്‍റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനം ഉണ്ടായതെന്നും അതിനുള്ള തിരിച്ചടിയാണ് നല്‍കിയതെന്നും റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ടെലഗ്രാം വഴി അറിയിച്ചിട്ടുണ്ട്.
അതേ സമയം യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ ആവര്‍ത്തിച്ച് പറയുന്നതിനിടെ ആശങ്ക വര്‍ധിപ്പിച്ച് റഷ്യയുടെ സൈനിക തയ്യാറെടുപ്പുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. യുക്രൈയിന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്‍ മിസൈല്‍ പരീക്ഷണവും, പോര്‍വിമാന നിരയുടെ സജ്ജീകരണവും നടത്തുന്നുവെന്നാണ് വിവരം. ഇത് ഏത് നിമിഷവും യുക്രൈയിനെതിരെ റഷ്യന്‍ അധിനിവേശം ഉണ്ടായേക്കും എന്ന അവസ്ഥയാണെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ദൃശ്യങ്ങള്‍ പ്രകാരം യുക്രൈന്‍ അതിര്‍ത്തിയിലെ വ്യോമതാവളത്തിലെ റഷ്യന്‍ പോര്‍ വിമാനങ്ങളുടെ നീണ്ട നിരയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുക്രൈനിലെ തന്ത്രപ്രധാനമായ അഞ്ച് മേഖലകള്‍ക്ക് സമീപത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ബെലാറസ്, ക്രിമിയ, പടിഞ്ഞാറന്‍ റഷ്യ തുടങ്ങിയ മേഖലകളിലെ ചിത്രങ്ങളാണിവ.
അതേ സമയം ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ആധുനിക ഹൈപ്പര്‍സോണിക് മിസൈലുകളാണ് റഷ്യ ശനിയാഴ്ച പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നെന്നും ടിയു-95 യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നും റഷ്യ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
റഷ്യൻ സേനയുടെ തന്ത്ര പ്രധാന സൈനിക അഭ്യാസം പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ന് നേരിട്ട് വീക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ആണവായുധങ്ങളും എത്രത്തോളം സജ്ജമാണെന്ന പരിശോധനയാണ് നടന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. പതിവ് പരിശോധന മാത്രമാണെന്നും യുക്രൈൻ സംഘർഷവുമായി ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
അതേ സമയം യുക്രൈനെ ആക്രമിക്കാൻ റഷ്യ തീരുമാനമെടുത്തെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ആക്രമണം ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആക്രമണം ന്യായീകരിക്കാൻ റഷ്യ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ കിഴക്കൻ യുക്രൈനിൽ നിന്ന് ആളുകളെ റഷ്യയിലേക്ക് ഒഴിപ്പിക്കുമെന്ന് വിമത നേതാക്കൾ പ്രഖ്യാപിച്ചു. രണ്ടു ബസുകളിലായി ആളുകൾ പോകുന്ന ദൃശ്യങ്ങൾ വിമതർ പുറത്ത് വിട്ടെങ്കിലും ഇത് ഒഴിപ്പിക്കലാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
ഏതു സമയവും റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന് വാദം ആവർത്തിക്കുകയാണ് അമേരിക്കയും നാറ്റോയും. യുക്രൈനിലെ റഷ്യൻ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളിൽ നടന്ന ഷെല്ലാക്രമണത്തിന് പിന്നിൽ റഷ്യൻ സൈന്യം തന്നെയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. യുദ്ധമുണ്ടാക്കാൻ ഒരു കാരണം റഷ്യ മനഃപൂർവം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. റഷ്യൻ അനുകൂലികളെ ആരെങ്കിലും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഏഴായിരം അധിക സൈനികരെ റഷ്യ കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ എത്തിച്ചെന്നും ഉപഗ്രഹ ചിത്രങ്ങൾ ഇതിനു തെളിവാണെന്നും നാറ്റോ കുറ്റപ്പെടുത്തുന്നു.
യുക്രൈൻ പ്രശ്‌നത്തിൽ വേണ്ടത് ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ വ്യക്തമാക്കി. 2015 ൽ യുക്രൈനും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും യു എന്നിലെ ഇന്ത്യൻ അംബാസിഡർ ടിഎസ് തിരുമൂർത്തി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിൽ എത്തിയപ്പോൾ 28 പ്രതിരോധ കരാറുകളാണ് ഒപ്പിട്ടത്. പ്രതിരോധ മേഖലയിൽ അമേരിക്കയുമായും റഷ്യയുമായും നിർണായക ബന്ധങ്ങളുള്ള ഇന്ത്യക്ക്, തിടുക്കത്തിൽ പക്ഷം ചേരാനാവാത്ത സാഹചര്യമുണ്ട്. റഷ്യക്കെതിരെ അന്താരാഷ്ട്ര നടപടി ഉണ്ടായാൽ ഇന്ത്യയും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ അമേരിക്കൻ വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ യുഎന്നിൽ പക്ഷം ചേരാനില്ലെന്ന നിലപാട് വ്യക്തമാക്കിയത്.