കോലഞ്ചേരി: ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ തിരുവാണിയൂരിൽ ഹോട്ടലിന്റെ പ്രവർത്തനം തടഞ്ഞു. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും നൽകിയ ബിരിയാണി യോടൊപ്പമുണ്ടായിരുന്ന കോഴിക്കാലിനുള്ളിലാണ് പുഴുവിനെ കണ്ടെത്തിയത്. ഫോട്ടോ അടക്കം ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനേ തുടർന്നാണ് ഇക്കാര്യം ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ വെളളിയാഴ്ച രാവിലെ തന്നെ ഹോട്ടലിൽ നടത്തിയ പരിശോധനയേ തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കുവാനും നിലവിൽ ഹോട്ടലിലുള്ള മുഴുവൻ ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കുവാനും നടപടി സ്വീകരിച്ചു. ഹോട്ടലും പാചകശാലയും പൂർണ്ണമായും അണുനാശനം നടത്തി ശുചീകരിച്ച് സുരക്ഷിതമാക്കിയ ശേഷം ഉദ്യോഗസ്ഥർ വിലയിരുത്തൽ പരിശോധന നടത്തിയ ശേഷമേ ഹോട്ടലിന് ഇനി പ്രവർത്തനാനുമതി നൽകൂ.
ഹോട്ടലിലേക്ക് പാചകത്തിനായി വാങ്ങിയകോഴിയുടെ മാംസത്തിനുള്ളിൽ നാളുകൾക്ക് മുമ്പ് ചതവ് പറ്റി അതിനുള്ളിൽ പഴുപ്പ് ബാധിച്ച് പുഴു രൂപപ്പെട്ടതാകാമെന്ന് അനുമാനിക്കുന്നതായി ഉദ്യോസ്ഥർ പറഞ്ഞു. ഹോട്ടലിൽ അവശേഷിച്ച മാംസ വിഭവങ്ങൾ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അവയിൽ പോരായ്മ കണ്ടില്ല.
തിരുവാണിയൂർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എൻ.വിനയകുമാർ, ടി.എസ്.അജനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.