പത്തനംതിട്ട: തെലുങ്ക് സൂപ്പര്‍ സ്റ്റാറും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിയുടെ ശബരിമല ദര്‍ശനത്തെ ചൊല്ലി വിവാദം. ചിരഞ്ജീവിയുടെ സംഘത്തിനൊപ്പം ഉണ്ടായിരുന്ന യുവതിയുടെ പ്രായത്തെ ചൊല്ലിയാണ് വിവാദം. ഇവരുടെ ക്ഷേത്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദര്‍ശനം നടത്തിയതെന്നും ഈ ആചാരലംഘനമൊന്നും ആരും കണ്ടില്ലേയെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
അതേസമയം, ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. ഫോണിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത് എന്നും ഇവര്‍ക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ടെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പറയുന്നു.
ഇതിനിടെ, സന്നിധാനത്ത് എത്തിയ സ്ത്രീയെ പിന്തുണച്ച് ആദ്യമായി മലചവിട്ടിയ യുവതി ബിന്ദു അമ്മിണി രംഗത്തെത്തി. ‘ചിരഞ്ജീവിയുടെ കൂടെ ആരെന്നറിയില്ല. ആരായാലും ശബരിമലയില്‍ കയറിയ യുവതിക്കൊപ്പം. അവരുടെ വിശ്വാസമോ വിശ്വാസരാഹിത്യമോ ഒന്നും എന്റെ വിഷയമേ അല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്നം ആയിട്ടല്ല ഞാന്‍ കാണുന്നത്. ഭരണഘടനാഅവകാശത്തിന്റെ പ്രശ്നം ആയിട്ടാണ്’ എന്നും ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു.