ന്യൂഡല്‍ഹി: കൊവിഡ് കണക്ക് ഉയരുന്നതിനിടെ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിയില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരള, ദില്ലി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിലാണ് ആശങ്ക രേഖപ്പെടുത്തിയത്. ഈ ആറ് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘത്തെ അയച്ചതായി മന്ത്രാലയം അറിയിച്ചു.
കോവിഡ് കണക്ക് ഉയരുകയാണെന്ന് ആരോഗ്യമന്ത്രാലയം സമ്മതിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ കൊവിഡ് പരിശോധന കൂട്ടി. രോഗബാധിതര്‍ കൂടുന്നതിനൊപ്പം പരിശോധനയും കൂടുന്നുണ്ടെന്നാണ് വിശദീകരണം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇത്തവണ മരണം കുറവാണെന്നും ആരോഗ്യമന്താലയം ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ എണ്ണം 2 ശതമാനം ആയിരുന്നു. ഇത് വാക്‌സിനേഷന്റെ പ്രാധാന്യം കാണിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.
രാജ്യത്ത് 70 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചു. 90 ശതമാനത്തില്‍ അധികം പേര്‍ ഒരു ഡോസ് വാക്‌സീനും എടുത്ത് കഴിഞ്ഞു. ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ എണ്ണം 60.47 ലക്ഷം കടന്നു. കോവാക്‌സിനും കോവിഷീല്‍ഡിനും ഡിസിജിഐയുടെ പൂര്‍ണ്ണ വാണിജ്യ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വാക്‌സീനുകള്‍ക്ക് വാണിജ്യ അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. അനുമതി ലഭിച്ച ശേഷവും കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ മാത്രമേ വാക്‌സീന്‍ നല്‍കാന്‍ അനുവദിക്കുകയുള്ളു എന്നാണ് വിവരം.
രാജ്യത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോള്‍ പുണെയില്‍ രോഗ വ്യാപനം കൂടി. 12000ത്തില്‍ അധികം പേര്‍ക്കാണ് ഇന്നലെ പുണെയില്‍ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയാണ് കൊവിഡ് വ്യാപനം രൂക്ഷമായ രണ്ടാമത്തെ സംസ്ഥാനം. കേരളം, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ 20000ത്തില്‍ അധികമാണ് കേസുകള്‍. ദില്ലി രാജസ്ഥാന്‍ ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ 10000ത്തിന് മുകളിലെത്തി.
പ്രതിദിന കേസുകളില്‍ ഇപ്പോള്‍ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം മൂന്നാമതാണ്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് മരണ നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പരിശോധന
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരണം
നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.
സമ്പര്‍ക്കം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.\
രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1701, കൊല്ലം 519, പത്തനംതിട്ട 492, ആലപ്പുഴ 437, കോട്ടയം 3300, ഇടുക്കി 369, എറണാകുളം 4216, തൃശൂര്‍ 1072, പാലക്കാട് 476, മലപ്പുറം 652, കോഴിക്കോട് 1351, വയനാട് 142, കണ്ണൂര്‍ 317, കാസര്‍ഗോഡ് 344 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,59,594 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,66,89,763), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,21,29,768) നല്‍കി.
5 മുതല്‍ 17 വയസുവരെയുള്ള ആകെ 61 ശതമാനം (9,24,531) കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,02,379)
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 46,387 പുതിയ രോഗികളില്‍ 41,046 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2162 പേര്‍ ഒരു ഡോസ് വാക്സിനും 29,926 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 8958 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
ജനുവരി 13 മുതല്‍ 19 വരെയുള്ള കാലയളവില്‍, ശരാശരി 1,09,745 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,01,578 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 204 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 201%, 70%, 126%, 48%, 14% 64% വര്‍ധിച്ചിട്ടുണ്ട്.
കൊവിഡ് പരിശോധനാഫലം (Covid Test) സമയബന്ധിതമായി നല്‍കണമെന്ന് ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) നിര്‍ദ്ദേശിച്ചു. കൊവിഡ് സര്‍വയലന്‍സ് കമ്മിറ്റിയില്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി. സര്‍വയലന്‍സ് കമ്മിറ്റി കൊവിഡ് പൊസിറ്റിവ് ആയവരുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ഹോസ്പിറ്റല്‍ മാനേജുമെന്റ് കമ്മിറ്റികളും ശക്തിപ്പെടുത്തി. കൊവിഡ് രോഗികളുടെ വാക്‌സിനേഷന്‍ അവസ്ഥ, ചികിത്സ, ഡിസ്ചാര്‍ജ് അടക്കം ഈ കമ്മിറ്റികള്‍ നിരീക്ഷിക്കും. കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കും.
സംസ്ഥാനത്തെ കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ഇന്ന് ചേര്‍ന്നു. കൊവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രൂപീകരിച്ച സര്‍വയലന്‍സ്, ഇന്‍ഫ്രാസ്ടെക്ച്ചര്‍ ആന്റ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയല്‍ മാനേജ്മെന്റ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് ഓക്സിജന്‍, വാക്സിനേഷന്‍ മാനേജ്മെന്റ്, പോസ്റ്റ് കൊവിഡ് മാനേജ്മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആര്‍ആര്‍ടി കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കൊവിഡ് പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശോധന അടിസ്ഥാനമാക്കി സര്‍വയലന്‍സ് ശക്തമാക്കും. ഹോസ്പിറ്റല്‍ സര്‍വയലന്‍സ്, ട്രാവല്‍ സര്‍വയലന്‍സ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും യോ?ഗത്തില്‍ ചര്‍ച്ചയായി. മള്‍ട്ടി ലെവല്‍ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കുന്നതാണ്. ആവശ്യമാണെങ്കില്‍ ആയുഷ് വകുപ്പ് ജീവനക്കാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതാണ്.
സുരക്ഷാ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമമില്ല. ഓക്സിജന്‍ കരുതല്‍ ശേഖരമുണ്ടെങ്കിലും ഓക്സിജന്‍ സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതല്‍ ആംബുലന്‍സ് സൗകര്യം സജ്ജമാക്കും. സംസ്ഥാനത്ത് വാക്സിന്‍ സ്റ്റോക്കുണ്ട്. പോസ്റ്റ് കൊവിഡ് മാനേജ്മെന്റ് ശക്തിപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെ പോസ്റ്റ് കൊവിഡ് ചികിത്സ ലഭ്യമാണ്. ഒമിക്രോണ്‍ സാഹചര്യത്തില്‍ സമയബന്ധിതമായി താഴെത്തട്ടുവരെ പരിശീലനം പൂര്‍ത്തിയാക്കണം. ഓരോ ആശാവര്‍ക്കര്‍മാരിലും പരിശീലനം എത്തിയെന്ന് ഉറപ്പ് വരുത്തും.
ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേഗത്തില്‍ നല്‍കും. ആശുപത്രിയിലെ അണുബാധ നിയന്ത്രണത്തിന് വലിയ പ്രാധാന്യം നല്‍കണം. പനിയും മറ്റ് കോവിഡ് രോഗ ലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് പരിശോധന നടത്തണം.
ഇ സഞ്ജീവനി ശക്തിപ്പെടുത്തും. രോഗികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതാണ്. കോവിഡ് ഒപിയില്‍ ദിവസവും 1200 ഓളം പേരാണ് ചികിത്സ തേടുന്നത്. കാത്തിരിപ്പ് സമയം ഒരു മിനിറ്റില്‍ താഴെയാക്കും. രോഗികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ മാനസികാരോഗ്യ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ആര്‍ആര്‍ടി നിരന്തരം നിരീക്ഷിക്കും. സ്ഥിതിഗതികള്‍ ദിവസവും അവലോകനം ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി.