പാള്‍ (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വിജയം. 297 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർ ശിഖർ ധവാൻ 79ഉം വിരാട് കോഹ്ലി 51ഉം റൺസെടുത്ത് പുറത്തായപ്പോൾ ഷാർദൂൽ ഠാക്കൂർ 50 റണ്‍സുമായി പുറത്താകാതെ നിന്നു. ലുംഗി എന്‍ഗിടി, തബ്രൈസ് ഷംസി, ആന്‍ഡിനെ ഫെഹ്ലുക്വായോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാനും ക്യാപ്റ്റൻ കെ എല്‍ രാഹുലുമാണ് ഓപ്പണ്‍ ചെയ്തത്. ധവാന്‍ അനായാസം ബാറ്റ് വീശിയപ്പോള്‍ രാഹുല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ടീം സ്‌കോര്‍ 46 ല്‍ നില്‍ക്കേ 17 പന്തുകളില്‍ നിന്ന് 12 റണ്‍സെടുത്ത രാഹുലിനെ നഷ്ടമായി. പാര്‍ട്ട് ടൈം ബൗളറായ എയ്ഡന്‍ മാര്‍ക്രത്തിന്റെ പന്തില്‍ ഡി കോക്കിന് ക്യാച്ച് സമ്മാനിച്ച് ഇന്ത്യന്‍ നായകന്‍ മടങ്ങി.
രാഹുലിന് പകരം ക്രീസിലെത്തിയ വിരാട് കോഹ്ലി നന്നായി തുടങ്ങി. ധവാന്‍ അടിച്ചുതകര്‍ത്തതോടെ ഇന്ത്യ കുതിച്ചു. കോഹ്ലിയെ സാക്ഷിയാക്കി ധവാന്‍ അര്‍ധസെഞ്ചുറി കുറിച്ചു. 51 പന്തുകളില്‍ നിന്നാണ് താരം 50 റണ്‍സെടുത്തത്. വൈകാതെ കോഹ്ലിയും ധവാനും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ഇന്ത്യന്‍ സ്‌കോര്‍ 18.3 ഓവറില്‍ 100 കടത്തുകയും ചെയ്തു.
സ്കോർ നന്നായി മുന്നോട്ടുപോകുന്നതിനിടെ ധവാനെ പുറത്താക്കി കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം പകര്‍ന്നു.സ്‌കോര്‍ 138ല്‍ എത്തിനില്‍ക്കേ 84 പന്തുകളില്‍ നിന്ന് 79 റണ്‍സെടുത്ത ധവാനെ മഹാരാജ് ക്ലീന്‍ ബൗള്‍ഡാക്കി. പത്തുഫോറുകളുടെ അകമ്പടിയോടെയാണ് ധവാന്‍ 79 റണ്‍സെടുത്തത്. കോഹ്ലിയ്‌ക്കൊപ്പം 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ധവാന്‍ ക്രീസ് വിട്ടത്.
ധവാന് പകരം ക്രീസിലെത്തിയ ഋഷഭ് പന്തിനെ സാക്ഷിയാക്കി കോഹ്ലി അര്‍ധശതകം കുറിച്ചു. 60 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. കോഹ്ലിയുടെ ഏകദിനത്തിലെ 63ാം അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ഉടന്‍ തന്നെ കോഹ്ലി പുറത്തായത് സന്ദർശകർക്ക് തിരിച്ചടിയായി. തബ്രൈസ് ഷംസിയുടെ പന്തില്‍ ബാവുമയ്ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്. 63 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെ അകമ്പടിയോടെ 51 റണ്‍സൊയിരുന്നു കോഹ്ലിയുടെ സമ്പാദ്യം. കോഹ്ലിയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ക്രീസിലെത്തി.
എന്നാൽ 17 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ഡി കോക്കിന്റെ കൈയ്യിലെത്തിച്ച് എന്‍ഗിഡി വിക്കറ്റ് നേട്ടം ആഘോഷിച്ചു. തൊട്ടുപിന്നാലെ ഋഷഭ് പന്തും പുറത്തായതോടെ ഇന്ത്യ പരാജയം മണത്തു. ഫെലുക്വായോയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ഋഷഭ് പന്തിനെ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. 22 പന്തുകളില്‍ നിന്ന് 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 182 ന് അഞ്ച് എന്ന നിലയിലേക്ക് വീണു. പിന്നാലെ വന്ന അരങ്ങേറ്റ താരം വെങ്കടേഷ് അയ്യരും നിരാശപ്പെടുത്തി. എന്‍ഗിഡിയുടെ ബൗണ്‍സര്‍ സിക്‌സ് നേടാനുള്ള താരത്തിന്റെ ശ്രമം ഡ്യൂസന്റെ കൈയ്യില്‍ അവസാനിച്ചു. വെറും രണ്ട് റണ്‍സാണ് വെങ്കടേഷിന്റെ സമ്പാദ്യം. അവസാനം ഷാർദൂൽ ഠാക്കൂറിന്റെ ഒറ്റയാൾ പോരാട്ടത്തിലായിരുന്നു ആരാധകരുടെ പ്രതീക്ഷ. 43 പന്തിൽ 50 റൺസുമായി ഠാക്കൂർ പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ റാസവാന്‍ഡര്‍ ദസന്റെയും നായകന്‍ തെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.ദസന്‍ 129 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ബാവുമ 110 റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റിന് 68 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ബാവുമയും ദസനും ചേര്‍ന്നാണ് പിടിച്ചുയര്‍ത്തിയത്. ഇരുവരും നാലാം വിക്കറ്റില്‍ 204 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്‌കോര്‍ 19-ല്‍ നില്‍ക്കേ ഓപ്പണര്‍ ജാനേമാന്‍ മലാനെ ആദ്യം നഷ്ടമായി. വെറും ആറ് റണ്‍സെടുത്ത മലാനെ ജസ്പ്രീത് ബുംറ riഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്വിന്റണ്‍ ഡികോക്കും നായകന്‍ തെംബ ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 50 കടത്തി.
എന്നാല്‍ അധികം വൈകാതെ രവിചന്ദ്ര അശ്വിന്‍ ബാവുമ-ഡി കോക്ക് കൂട്ടുകെട്ട് പൊളിച്ചു. 41 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ഡി കോക്കിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഡി കോക്കിന് പകരം ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രം നിലയുറപ്പിക്കുംമുന്‍പേ പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച മാര്‍ക്രത്തെ അരങ്ങേറ്റതാരം വെങ്കടേഷ് അയ്യര്‍ റണ്‍ ഔട്ടാക്കി. പിന്നീട് ക്രീസിലൊരുമിച്ച ബാവുമയും ദസനും ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.