കൊച്ചി: സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തില്‍ ആദ്യമായി കുറവ് രേഖപ്പെടുത്തി. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു എന്നതിന്റെ സൂചനയാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. സെപ്റ്റംബര്‍ പാദത്തില്‍ കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തില്‍ 593 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. 2,35,897 കോടി രൂപയായാണ് നിക്ഷേപം താഴ്ന്നത്. മുന്‍പാദവുമായി താരതമ്യം ചെയ്തുള്ള കണക്കാണിത്.
പ്രവാസികളുടെ കരുതല്‍ നിക്ഷേപത്തിലെ കുറവായാണ് ഇതിനെ വിലയിരുത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമ ഏഷ്യയില്‍ നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വലിയ തോതിലാണ് മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. ജോലി നഷ്ടപ്പെട്ടത് മൂലമാണ് ഭൂരിഭാഗം ആളുകളും തിരിച്ചെത്തിയത്. ഇതാണ് ബാങ്ക് നിക്ഷേപത്തില്‍ പ്രതിഫലിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 മെയ് മാസം മുതല്‍ കഴിഞ്ഞവര്‍ഷം ജൂലൈ വരെയുള്ള കണക്ക് അനുസരിച്ച് 15 ലക്ഷം മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. ഇതില്‍ 10 ലക്ഷം പേരും ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മടങ്ങിയെത്തിയത്.ജോലി സാധ്യതകള്‍ കുറവാണ് എന്ന് കണ്ട് മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതില്‍ വിമുഖത കാണിക്കുന്ന സമയത്ത് പോലും പ്രവാസി നിക്ഷേപം ഉയര്‍ന്ന് നില്‍ക്കുന്നതാണ് മുന്‍പ് കണ്ടിരുന്നത്.
2018 സെപ്റ്റംബറില്‍ 1,81,623 കോടി രൂപയായിരുന്നു എന്‍ആര്‍ഐ നിക്ഷേപം. ഇത് 2021 ജൂണ്‍ ആയപ്പോള്‍ 2,36,490 കോടിയായി ഉയര്‍ന്നു. നിസാര കാലയളവിനുള്ളില്‍ 54,867 കോടി രൂപയുടെ വര്‍ധനാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് സെപ്റ്റംബര്‍ പാദത്തിലെ ഇടിവ്.