തിരുവനന്തപുരം: കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിൻ നൽകി തുടങ്ങുന്നത്.
ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ അറിയിച്ചിരുന്നു. 15 നും 18 നും ഇടയിൽ പ്രായമുള്ള 45 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ മുതൽ വാക്‌സിൻ നൽകാൻ ആലോചനയുണ്ട്.
ജനുവരി അവസാനത്തോടെ 15-17 വിഭാഗത്തിലുള്ള 7.4 കോടി യുവാക്കളിൽ ആദ്യം ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡോ. അറോറ അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷനും പൂർത്തീകരിക്കാനും പദ്ധതിയുണ്ട്.
സ്‌കൂൾ, കോളജ് തുടങ്ങി, ആളുകൾ കൂടുതലുള്ള ഇടങ്ങളിൽ പോകുന്നതിനാൽ കൊമാരക്കാരുടെ വാക്‌സിനേഷൻ പ്രധാനമാണെന്ന് ഡോ. അറോറ ചൂണ്ടിക്കാട്ടുന്നു. 15-17 വയസിലുള്ള കുട്ടികൾക്ക് ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിനാകും കുത്തിവയ്ക്കുക.