കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്കു വരിക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന, സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദിലീപിനെക്കൂടാതെ അനിയന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരാണ് പ്രതികള്‍. ഇവരും മുന്‍ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ തെളിവു തേടി പ്രത്യേക അന്വേഷണ സംഘം ഇന്നലെ ദിലീപീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ദിലീപിന്റെ വീട്ടിലും അനിയന്റെ വീട്ടിലും ഇരുവരും ചേര്‍ന്നു നടത്തുന്ന നിര്‍മാണ കമ്പനിയുടെ ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. ഏറെനേരം കാത്തുനിന്നശേഷമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപിന്റെ വീട്ടിനകത്ത് കയറി പരിശോധന നടത്താനായത്. രാവിലെ 11 മണിയോടെ പോലീസ് സംഘം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി.
എന്നാല്‍ റിമോട്ട് നിയന്ത്രിത ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 20 മിനുട്ടോളം കാത്തുനിന്നിട്ടും ഗേറ്റ് തുറക്കാന്‍ ആരും വന്നില്ല. ഇതേത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടന്ന് ദിലീപിന്റെ വീട്ടുവളപ്പില്‍ കയറുകയായിരുന്നു. വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പോള്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് എത്തി കാര്യം തിരക്കി. കോടതി ഉത്തരവ് അനുസരിച്ച് പരിശോധനയ്ക്ക് എത്തിയതാണെന്ന് പോലീസുകാര്‍ അറിയിച്ചു. ഇതുകേട്ടയുടന്‍ അകത്തേക്കുപോയ കാവ്യ പിന്നീട് തിരിച്ചെത്തി വാതില്‍ തുറന്നില്ല.
ഈ സമയം ദിലീപ് വീട്ടിലില്ലായിരുന്നു. അല്‍പ്പസമയത്തിന് ശേഷം ദിലീപിന്റെ സഹോദരി സബിത കാറിലെത്തി, തിരച്ചിലിനായി വീട് തുറന്നു കൊടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന് നായരുടെ നേതൃത്വത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ അടക്കം 20 അംഗ സംഘമാണ് 5 വാഹനങ്ങളിലായി ദിലീപിന്റെ വീട്ടിലെത്തിയത്. പതിനൊന്നരയോടെ റെയ്ഡ് ആരംഭിച്ചു.
സൈബര്‍, റവന്യൂ, ഫോറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ, ഉച്ചയ്ക്ക് ഒരുമണിയോടെ ദിലീപ് കാറോടിച്ച് വീട്ടിലെത്തി. ഉച്ചയ്ക്ക് 2.20 ഓടെ എസ്പി മോഹനചന്ദ്രന് നായര്‍ ദിലീപിന്റെ വീട്ടില്‍ നിന്നിറങ്ങി, ദിലീപിന്റെ സഹോദരന് അനൂപിന്റെ വീട്ടിലേക്ക് പോയി. ഇവിടേയും പരിശോധന നടക്കുന്നുണ്ടായിരുന്നു. ആലുവ പാലസിന് സമീപം കൊട്ടാരക്കടവ് റോഡിലുള്ള ദിലീപന്റെ പത്മസരോവരം വീട്, പറവൂര്‍ കവലയിലെ വിഐപി റോഡിലുള്ള സഹോദരന് അനൂപിന്റെ വീട്, ദിലീപിന്റെ സിനിമാ നിര്‍മ്മാണകമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ എറണാകുളം ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലായിരുന്നു കോടതിയുടെ അനുമതിയോടെ ഒരേസമയം പരിശോധന നടന്നത്.
മൂന്നിടത്തുമായി ഏഴു മണിക്കൂറോളം പരിശോധന നീണ്ടു നിന്നു. മണിക്കൂറുകള്‍ കാത്തിരുന്നശേഷം പൂട്ടുപൊളിച്ചാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറ്റൂര്‍ റോഡിലെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ ഓഫീസില്‍ കടന്ന് പരിശോധന നടത്തിയത്. ഇവിടെ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. ദിലീപിന്റെ വീട്ടില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് ഐപാഡുകളും ഒരു ഹാര്‍ഡ് ഡിസ്കും ഒരു പെന്‍്രൈഡവും പിടിച്ചെടുത്തു. ഇവയില്‍ ദൃശ്യങ്ങള്‍ ഉണ്ടോയെന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
ദിലീപിന്റെ കൈവശം ഉണ്ടെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ തോക്ക് കണ്ടെത്തിയിട്ടില്ല.ദിലീപിന്റെ മൊബൈല്‍ഫോണ്‍ വേണമെന്ന് ്രൈകംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടപ്പോള്‍ രേഖാമൂലം അറിയിക്കണമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ഈ കാര്യം എഴുതിനല്‍കിയാണ് ഫോണ്‍ ഏറ്റെടുത്തത്. സിംകാര്‍ഡുകള്‍ ദിലീപിന് തിരികെക്കൊടുത്തു.