മലപ്പുറം: മദ്യലഹരിയില്‍ മലപ്പുറത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തി. തിരൂര്‍ സ്വദേശിയായ പുളിക്കല്‍ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ മകന്‍ അബൂബക്കര്‍ സിദ്ധീക്കിനെ (27) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറേ ദിവസങ്ങളായി മകന്‍ അബൂബക്കര്‍ സിദ്ധീക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. ഇത് ചോദ്യം ചെയ്ത പിതാവുമായി പ്രതി വാക്കുതര്‍ക്കമുണ്ടായി. വാക്കുതര്‍ക്കത്തിനിടെ മകന്റെ അടിയേറ്റതിനെത്തുടര്‍ന്ന് മുഹമ്മദ് ഹാജി നിലത്തുവീണു. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബൂബക്കര്‍ സിദ്ധീക്കിന്റെ ആക്രമണത്തില്‍ അനുജന്‍ മുജീബ് റഹ്മാന് പരുക്കേറ്റു. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ അബൂബക്കര്‍ സിദ്ധീക്കിനെ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് ഹാജിയുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിഷ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, മുജീബ്റഹ്മാന്‍, മറിയാമു, ഫാത്തിമ.
കോട്ടയം ചങ്ങനാശ്ശേരിയിലും സമാന സംഭവമുണ്ടായിരുന്നു ഇവിടെ മകന്‍ അമ്മയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) കൊല്ലപ്പെട്ടത്. മകന്‍ ജിതിന്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരക്കായിരുന്നു സംഭവം.
ഹൃദ്രോഗിയായ കുഞ്ഞന്നാമ്മ ചികിത്സക്കായി മകനോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്. ജിതിന്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം മുഴുവന്‍ മദ്യപാനത്തിനായി ചെലവഴിക്കുമായിരുന്നു. ഇതും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കത്തിനും കാരണമായിരുന്നു. ഇങ്ങനെ ഒരു തര്‍ക്കത്തിനിടെയാണ് ജിതിന്‍ മാതാവിനെ കൊലപ്പെടുത്തിയത്.