ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ (Alappuzha Shan Murder Case) പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. ആലപ്പുഴ പുല്ലൻകുളത്ത് നിന്നാണ് കണ്ടെത്തിയത്. അഞ്ച് വാളുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. അതേസമയം, രൺജീത്ത് വധക്കേസിൽ പ്രതികളിൽ എത്താവുന്ന നിർണായക തെളിവുകൾ കൈവശമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
രൺജീത് ശ്രീനിവാസിനെ വധിച്ചശേഷം സംസ്ഥാനം വിട്ട പ്രതികൾക്ക് വേണ്ടി തമിഴ്നാട്ടിലാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് കർണാടകയിലേക്ക് നീണ്ടു. എസ്ഡിപിഐക്കാരായ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടിനെ സഹായം ഇവിടങ്ങളിൽ ലഭിക്കുന്നുണ്ട്. അന്വേഷണം ഇപ്പോൾ ഏത് സംസ്ഥാനത്താണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് എഡിജിപി പറഞ്ഞു.
അതേസമയം, ഷാൻ വധക്കേസിൽ അറസ്റ്റിലായ അഞ്ചു കൊലയാളി സംഘങ്ങളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എല്ലാവരും ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. പരമാവധി തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണമെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇരട്ടക്കൊലപാതകമുണ്ടായി ഒരാഴ്ച്ച തികയുമ്പോൾ പൂർണ്ണ ആത്മവിശ്വാസത്തിൽ ആണെന്ന് അന്വേഷണ സംഘം പറയുന്നു.
അതേസമയം, രൺജീത്തിന്റെ കുടുംബത്തിന് നീതി കിട്ടുന്നവിധമല്ല പൊലീസ് അന്വേഷണമെന്ന് ബിജെപി കുറ്റപ്പെടുത്തി. എസ്ഡിപിഐ കേന്ദ്രങ്ങളിൽ പരിശോധന പോലും നടന്നില്ല. പൊലീസിൽ പോപ്പുലർ ഫ്രണ്ടിൻ്റെ സ്ലീപ്പർ സെല്ലുകൾ ഉണ്ട്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.