തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നതിനിടെ, വിപണിയില്‍ ഇടപെട്ട് സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ ‘തക്കാളി വണ്ടികള്‍’ ഇന്നുമുതല്‍ നിരത്തിലെത്തും. ഒരു ജില്ലയില്‍ രണ്ടെന്ന നിലയില്‍ 28 വണ്ടിയിലൂടെ തക്കാളി കിലോ 50 രൂപയ്ക്ക് നല്‍കും. മറ്റു പച്ചക്കറികളും വിലക്കുറവില്‍ ലഭിക്കും.
രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെയാണ് പ്രവര്‍ത്തനം. തക്കാളി വണ്ടികള്‍ തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധയിടങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തക്കാളിയും മറ്റു പച്ചക്കറികളും സംഭരിച്ച് വിതരണം ചെയ്യാനാണ് കൃഷി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
40 ടണ്‍ പച്ചക്കറി വീതം പ്രതിദിനം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ ചില്ലറ വില്പന ശാലകളിലൂടെ വില്പന നടത്തുന്നുണ്ട്. 170 ടണ്‍ പച്ചക്കറി പ്രാദേശികമായി വി എഫ് പി സി കെ വഴി സംഭരിച്ച് വില്‍ക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 1937 വിപണന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
സ്ഥിരം വിപണിയില്ലാത്തിടത്ത് ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന വില്‍പ്പനശാലകളും കൂടുതല്‍ ഔട്ട്ലെറ്റും ആരംഭിക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ പുതുവത്സര ക്രിസ് മസ് ചന്തകള്‍ 22 മുതല്‍ ജനുവരി ഒന്നുവരെ പ്രവര്‍ത്തിക്കും.