കൊച്ചി: കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ പാളിച്ചയുണ്ടായി. ബുധനാഴ്ച രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് സുരക്ഷാ പാളിച്ചയുണ്ടായത്. സംഭവത്തില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിശദീകരണം തേടിയിട്ടുണ്ട്.
പൈലറ്റ് വാഹനം തെറ്റായ വഴിയിലൂടെ സഞ്ചരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനവും വഴി തെറ്റുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണു സ്ഥലം തെറ്റിയെന്നു മുഖ്യമന്ത്രി തിരിച്ചറിഞ്ഞത്. വഴി തെറ്റിച്ച പൊലീസ് ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ച ശേഷമാണ് മുഖ്യമന്ത്രി കാറില്‍ തിരികെ കയറിയത്.
ആഭ്യന്തര ടെര്‍മിനലിലെ പുറപ്പെടല്‍ ഭാഗത്തേക്കാണ് വാഹന വ്യൂഹം എത്തേണ്ടിയിരുന്നത്. എന്നാല്‍, പൈലറ്റ് വാഹനം വഴി തെറ്റി ആഭ്യന്തര കാര്‍ഗോ വഴി സഞ്ചരിക്കുകയായിരുന്നു. വഴി തെറ്റിയെന്ന് മനസ്സിലാക്കിയ പൊലീസ് തുടര്‍ന്ന് ഒരുവട്ടം കൂടി കറങ്ങി പുറപ്പെടല്‍ ഭാഗത്ത് എത്തി.
വരാപ്പുഴ, മുനമ്പം സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരാണ് രണ്ടു ജീപ്പുകളില്‍ മുഖ്യമന്ത്രിക്ക് പൈലറ്റ് പോയത്. ആലുവ പൊലീസിനായിരുന്നു എസ്‌കോര്‍ട്ട് ചുമതല. മുഖ്യമന്ത്രിക്കൊപ്പം കമാന്‍ഡോ സംഘവും ഉണ്ടായിരുന്നു. സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്.