സോണിയുടെ പ്ലേസ്റ്റേഷൻ ഡിവിഷനിലെ സീനിയർ എക്‌സിക്യൂട്ടീവ് പീഡോഫീലിയ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി. രാത്രി 4.30 ന് 15 വയസ്സുള്ള ആൺകുട്ടിയെ കാണാൻ ശ്രമിച്ചതിനെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന സ്റ്റിങ് ഓപ്പറേഷന്റെ വിഡിയോ യൂട്യൂബിലും അപ്‌ലോഡ് ചെയ്തിരുന്നു.
‘പീപ്പിൾ വി പ്രെഡ്‌സ്’ എന്ന യൂട്യൂബ് ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷൻ വിഡിയോയിൽ സോണി പ്ലേസ്റ്റേഷൻ നെറ്റ്‌വർക്കിന്റെ സീനിയർ വൈസ് പ്രസിഡന്റ് ജോർജ് കാസിയോപ്പോ രാത്രി വൈകി തന്റെ വീടിന് പുറത്ത് നിൽക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരു ക്യാമറാമാൻ അടുത്തേക്ക് നടന്ന് ‘ജെഫ്’ എന്ന് അഭിസംബോധന ചെയ്യുന്നതും വിഡിയോയിൽ കാണാം. ക്യാമറാമാൻ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ കാസിയോപ്പോ തിരിഞ്ഞ് സംസാരിക്കാതെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരികെ നടക്കുന്നു.
സമൂഹ മാധ്യമ ആപ്പായ ഗ്രിൻഡറിൽ (Grindr) കാസിയോപ്പോ 15 വയസ്സുള്ള ഒരു ആൺകുട്ടിയുമായി അശ്ലീല സംഭാഷണം നടത്തുകയായിരുന്നു എന്നതാണ് സ്ട്രിങ് ഓപ്പറേഷനിലേക്ക് നയിച്ചത്. ഇരുവരും ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും കൈമാറിയിരുന്നു, അതിന്റെ സ്‌ക്രീൻഷോട്ടുകളും ഗൂഗിൾ ഡ്രൈവ് ലിങ്ക് രൂപത്തിൽ വിഡിയോയുടെ വിവരണത്തിൽ പങ്കുവെച്ചിട്ടുണ്ട്.
കാസിയോപ്പോ തന്റെ സംഭാഷണങ്ങൾക്ക് ‘ജെഫ്’ എന്ന വ്യാജ നാമം ഉപയോഗിച്ചിരുന്നു. ഇരുവരും ഒടുവിൽ കാസിയോപ്പോയുടെ സ്ഥലത്ത് ഒരു മീറ്റിങ് സംഘടിപ്പിച്ചു. തുടർന്ന് കാസിയോപ്പോ രാത്രി 15 കാരനെ കാത്ത് അദ്ദേഹത്തിന്റെ വീടിനു പുറത്ത് കാത്തിരിക്കുകയായിരുന്നു. തന്നെ തിരിച്ചറിയുന്നത് എളുപ്പമാക്കാൻ മീറ്റിങ്ങിന് തൊട്ടു മുൻപ് കാസിയോപ്പോയുടെ ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു.
തന്നെ കാണാൻ വരുന്ന 15കാരന് സെൽഫി അയച്ച ഫോട്ടോയിലെ അതേ പിഎസ് 5 ടീ-ഷർട്ട് കാസിയോപ്പോ ധരിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. വന്ന വ്യക്തി കാസിയോപ്പോയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വീടിനുള്ളിലേക്ക് പോയി, അവന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകിയില്ല. തുടർന്ന് ക്യാമറാമാൻ പൊലീസിനെ വീട്ടിലേക്ക് വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി.
സാൻ ഡീഗോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസുമായി വിവരങ്ങൾ പങ്കിട്ടതായി യുട്യൂബ് ചാനൽ സ്ഥിരീകരിച്ചു.
കാസിയോപ്പോ സോണിയുടെ പ്ലേസ്റ്റേഷൻ നെറ്റ്‌വർക്കിൽ എൻജിനീയറിങ് സീനിയർ വൈസ് പ്രസിഡന്റാണ്. വിഡിയോ പുറത്തുവന്നതോടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ എട്ട് വർഷമായി നിരവധി ദൗത്യങ്ങളിൽ അദ്ദേഹം സോണിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ സോണി അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കി. കമ്പനി ഈ സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നും ‘സംശയമുള്ള ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു’ എന്നും സിഎൻഇടിക്ക് അയച്ച ഇമെയിലിൽ സൂചിപ്പിച്ചു.