കൊച്ചി: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിൽ. ഇടത് കൗൺസിലർ ഡിക്സൺ, കോൺഗ്രസ് കൗൺസിലർ സി. സി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ചെയർപേഴ്സന്റേയും ഇടത് കൗൺസിലർമാരുടെയും പരാതിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നഗരസഭാ ചെയർപേഴ്സന്റേത് ഏകാധിപത്യ ഭരണമാണെന്ന് ആരോപിച്ച് ഇടത് കൗൺസിലർമാർ പ്രതിഷേധ സമരം സംഘടിപ്പിക്കും.
ചെയർപേഴ്സന്റെ മുറിയുടെ പൂട്ടു നന്നാക്കാൻ ചെലവായ തുകയെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ലുണ്ടായത്. ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉൾപ്പെടെ ആറ് കൗൺസിലർമാർക്കു പരിക്കേറ്റു. പരിക്കേറ്റ അജിത തങ്കപ്പൻ, കൗൺസിലർമാരായ ലാലി ജോഫിൻ, ഉണ്ണി കാക്കനാട്, പ്രതിപക്ഷത്തെ മുൻ ചെയർപേഴ്സൺ ഉഷ പ്രവീൺ, അജുന ഹാഷിം, സുമ മോഹൻ എന്നിവർ കാക്കനാട്ടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണ്. തുടർന്ന് കൂട്ടത്തല്ലിനെച്ചൊല്ലി ഇരുവിഭാഗവും പരാതി നൽകിയതോടെയാണ് രണ്ട് പേർ അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചേർത്താണ് പോലീസിൽ പരാതി നൽകിയത്. അതിനാൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടായേക്കും.
നഗരസഭയിൽ ഭരണം നടത്താൻ കഴിയാത്ത സ്ഥിതിയാണ് പ്രതിപക്ഷ കൗൺസിലർമാർ ഉണ്ടാക്കിയിരിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു. ജാതീയമായ അധിക്ഷേപമാണ് തനിക്ക് നേരെ തുടർച്ചയായി ഉന്നയിക്കുന്നത്. ഡയസിലേക്ക് കയറിയ പ്രതിപക്ഷ കൗൺസിലർമാർ തന്നെ മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇത്തരം നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു.
അതേസമയം, നഗരസഭയിൽ കൃത്യമായി കൗൺസിലുകൾ കൂടുകയോ ചർച്ചകൾ ചെയ്യുകയോ ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. ഏകാധിപത്യപരമായാണ് ചെയർപേഴ്സൺ ഭരണം നടത്തുന്നത്. ഇന്നലെ 76 അജൻഡകളാണ് പാസാക്കിയത്. ചർച്ചകൾ നടത്താതെയാണ് ഇത്രയും അജൻഡകൾ പാസാക്കിയത്. ഇത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ കൗൺസിലർ പി സി മനൂപ് പറഞ്ഞു