തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം അറബിക്കടലില്‍ കര്‍ണാടക തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനും അറബിക്കടലില്‍ ന്യൂനമര്‍ദത്തിനും വഴി തെളിഞ്ഞു. രണ്ടും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം.
ചരിത്രത്തിലെ ഏറ്റവും മികച്ച മഴയാണ് ഇത്തവണ തുലാവര്‍ഷത്തില്‍ കേരളത്തില്‍ പെയ്തത്. തുലാവര്‍ഷം രണ്ടു മാസം പിന്നിടുമ്പോള്‍ (ഒക്ടോബര്‍ 1-നവംബര്‍ 30 ) 984 എംഎം മഴയാണ് ഇതുവരെ കേരളത്തില്‍ ലഭിച്ചത്. അതായത് 115% അധിക മഴ. ഇത് കഴിഞ്ഞ 121 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും കൂടിയ മഴയാണ് 2010 ല്‍ ലഭിച്ച 822.9 mm മഴയായിരുന്നു ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്. ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (1619 എംഎം) ഏറ്റവും കുറവ് വയനാട് ജില്ലയില്‍ (554.6എംഎം).
അതേസമയം വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് ജാവാദ് രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പറയുന്നതെങ്കിലും വരും ദിവസങ്ങളിലെ കാലാവസ്ഥാ നിരീക്ഷണത്തില്‍ മാത്രമേ ഇത് ഉറപ്പിക്കാനാകൂ. ആന്‍ഡമാന്‍ കടലില്‍ വരും മണിക്കൂറുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് ജവാദ് ചുഴലിക്കാറ്റിന് കാരണമാകുന്നത്. ആന്‍ഡമാനില്‍ നിന്നുള്ള സഞ്ചാരത്തിനിടെ ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദ്ദം മദ്ധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി ജവാദ് ചുഴലിക്കാറ്റായി മാറും. വെള്ളിയാഴ്ചയോടെ അതിതീവ്ര ന്യൂനമര്‍ദ്ദം ജവാദ് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
പുതിയ ചുഴലിക്കാറ്റിന് സൗദി അറേബ്യയാണ് ജവാദ് എന്ന പേരു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റ് ആയി മാറുകയാണെങ്കില്‍ നല്‍കേണ്ടിയിരുന്ന പേരായിരുന്നു ജാവേദ്. എന്നാല്‍ ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനാല്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടില്ല. ജവാദ് രൂപം കൊള്ളുന്നതോടെ ഈ വര്‍ഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപം കൊണ്ട അഞ്ചാമത്തെ ചുഴലിക്കാറ്റായി ഇത് മാറും.
ടൗട്ടേ, ഷഹീന്, ഗുലാബ്, യാസ് എന്നീ ചുഴലിക്കാറ്റായിരുന്നു ഈ വര്‍ഷം രൂപം കൊണ്ടവ. ഇതില്‍ ടൗട്ടേ, ഷഹീന് എന്നീ ചുഴലിക്കാറ്റുകള്‍ അറബിക്കടലിലും, ഗുലാബ്, യാസ് എന്നീ ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലുമാണ് രൂപം കൊണ്ടത്. ടൗട്ടേയാണ് ഈ വര്‍ഷം രൂപം കൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്. ഈ വര്‍ഷം മെയില്‍ രൂപം കൊണ്ട ടൗട്ടേ കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമായിരുന്നു. രൂക്ഷമായ കടലാക്രമണം ആയിരുന്നു ടൗട്ടേയുടെ ഫലമായി സംസ്ഥാനത്ത് ഉണ്ടായത്. ഇതിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം അറബിക്കടലിലായിരുന്നു യാസ് ചുഴലിക്കാറ്റിന്റെ പിറവി. കേരളത്തില്‍ ശക്തമായ മഴയ്ക്ക് യാസ് ചുഴലിക്കാറ്റ് കാരണമായെങ്കിലും കനത്ത നാശം ഉണ്ടാക്കിയത് ബംഗാളിലും ഒഡീഷയിലുമായിരുന്നു.
ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റായ ഗുലാബിന്റെ വരവ് ഈ വര്‍ഷം സെപ്തംബറില്‍ ആയിരുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ ലഭിച്ചു. എന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ നീങ്ങിയ ഗുലാബ് ഒഡീഷയെ സാരമായി ബാധിച്ചു. നാലാമത്തെ ചുഴലിക്കാറ്റായി ഷഹീന് ഒക്ടോബറിലാണ് രൂപം കൊണ്ടത്. ഒമാനില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്.
ഈ വര്‍ഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റായ ജവാദ് കേരളത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ കടന്നുപോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ കേരളത്തിന്റെ കാലാവസ്ഥയില്‍ അടുത്തിടെ വന്നിട്ടുള്ള മാറ്റം ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വകനല്‍കുന്നതല്ല.
ജൂണ്‍ മുതല്‍ സംസ്ഥാനത്ത് ഇടവേളയില്ലാതെ മഴ തുടരുകയാണ്. അടിക്കടിയുണ്ടാകുന്ന ചക്രവാത ചുഴികളും, ന്യൂമര്‍ദ്ദവുമായി കേരളത്തിലെ തുടര്‍ച്ചയായ മഴയ്ക്ക് കാരണമാകുന്നത്. ഇത് കേരളത്തിലെ ആശങ്കജനകമാക്കിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തിയതിനെ തുടര്‍ന്ന് ഭൂരിഭാഗം അണക്കെട്ടുകളും തുറന്നിട്ടുണ്ട്. നദികളും, പുഴകളും കരകവിഞ്ഞ് ഒഴുകുന്നുമുണ്ട്. ഇതിനിടെവരുന്ന ചുഴലിക്കാറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കേരള ജനത.