തിരുവനന്തപുരം: ജോലി സമയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് കേരളാ ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, നാല് മാസത്തിനകം വിഷയത്തിന്മേൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു.
വാഹന പരിശോധനയ്ക്കിടെ പൊലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് തൃശൂർ സ്വദേശിക്കെതിരെ എടുത്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്. 2014 ൽ ഗുരുവായൂർ പൊലീസാണ് തൃശൂർ പൂവത്തൂർ സ്വദേശി അവിനാശിനെതിരെ കേസ് എടുത്തത്.
വാഹന പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യൂണിഫോം ധരിക്കാതെ എത്തിയ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു വാഹന പരിശോധന നടത്തിയത്. യൂണിഫോം ഇല്ലാത്തതിനാൽ പൊലീസ് ആണെന്നറിയാതെ കാർ യാത്രക്കാരൻ ഉദ്യോഗസ്ഥനുമായി തർക്കത്തിലായി. ഇതോടെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസ് എടുക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ യൂണിഫോം ധരിക്കാതിരുന്നതിനാൽ പൊലീസ് ആണെന്ന് മനസിലായിരുന്നില്ലെന്നും അതിൽ കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.