അമരാവതി:ഭാര്യക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയ ചന്ദ്രബാബു നായിഡു(Chandrababu naidu) മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇതുവരെ രാഷ്ട്രീയത്തില്‍ പോലുമിറങ്ങാത്ത തന്റെ ഭാര്യക്കെതിരെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് (YSR Congress) അംഗങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചെന്ന് ടിഡിപി (TDP) നേതാവായ ചന്ദ്രബാബു നായിഡു പൊട്ടിക്കരഞ്ഞ് പറഞ്ഞു.
ഇനി മുഖ്യമന്ത്രിയായിട്ടല്ലാതെ സഭയില്‍ കയറില്ലെന്നും അദ്ദേഹം പറഞ്ഞു. ”കഴിഞ്ഞ രണ്ടര വര്‍ഷമായി അപമാനം സഹിച്ചാണ് കഴിയുന്നത്. എന്നാല്‍ ഒരിക്കലും ശാന്തത കൈവിട്ടില്ല. എന്നാല്‍, ഇന്ന് അവര്‍ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. അന്തസോടെയാണ് ജീവിക്കുന്നത്. ഇത് എനിക്ക് സഹിക്കാന്‍ കഴിയില്ല. സഭക്കുള്ളില്‍ താന്‍ അപമാനിക്കപ്പെട്ടു”-അദ്ദേഹം പറഞ്ഞു.
ഇന്ന് ആന്ധ്ര നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു പ്രശ്‌നം. ഭാര്യക്കെതിരെയുള്ള പരാമര്‍ശത്തില്‍ മറുപടി പറയാന്‍ സ്പീക്കര്‍ തമ്മിനേനി അനുവദിച്ചില്ലെന്നും മൈക്ക് ഓഫ് ചെയ്‌തെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ ചന്ദ്രബാബുവിന്റെ കരച്ചില്‍ നാടകമാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഭരണപക്ഷത്തെ അംഗങ്ങള്‍ക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചപ്പോള്‍ തിരിച്ചുപറയുക മാത്രമാണുണ്ടായതെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. നൈരാശ്യം കൊണ്ടാണ് ചന്ദ്രബാബു നായിഡു ഇത്തരത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിനായി നായിഡു എന്തും ചെയ്യുമെന്നും വൈഎസ്ആര്‍ അംഗങ്ങള്‍ പറഞ്ഞു. ടിഡിപിക്ക് ആധിപത്യമുണ്ടായിരുന്ന കുപ്പം മുനിസിപ്പാലിറ്റിയില്‍ 25ല്‍ 19സീറ്റും നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു.