ബെർലിൻ:യൂറോപ്പിൽ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജർമനിയിൽ കുതിച്ചുയർന്ന് കോവിഡ് പ്രതിദിന കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് റെക്കോര്ഡ് കേസുകൾ ജർമനിയിൽ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകൾ കുത്തനെ കൂടുകയാണ്. രാജ്യത്ത് നാലാം തരംഗം അസാധരണമാം വിധത്തിൽ ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകൾ വർധിക്കാൻ കാരണമായത്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ വിതരണം പൂർത്തിയാക്കത്തതിനിലാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജർമനിയുടെ ചില മേഖലകളിൽ ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങൾ നിറഞ്ഞുകവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ സ്വീകരിക്കാത്തവർക്കാണ് കോവിഡ് ഗുരുതരമാവുന്നതെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് ആരോഗ്യപ്രവർത്തകരും പറയുന്നു.