ന്യൂയോര്‍ക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്കു വരുന്നുവെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ശാസ്ത്ര ലോകം ആകാംക്ഷയില്‍. ഭൂമിയില്‍ ശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (എന്‍ഒഎഎ) കീഴിലുള്ള യുഎസ് ഏജന്‍സിയായ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.സെക്കന്‍ഡില്‍ 700 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് ഇന്നു ഭൂമിയിലെത്തുമെന്നാണ് പ്രവചനം.
സൂര്യനില്‍ നിന്നുള്ള കൊറോണല്‍ മാസ് ഇജക്ഷനെ തുടര്‍ന്നാണ് കാറ്റ് ഭൂമിയിലേക്ക് വരുന്നത്. സൂര്യനും ഭൂമിക്കും ഇടയിലുള്ള ഭാഗം കടന്നുവരാന്‍ കാറ്റിന് രണ്ട് ദിവസത്തിലധികം വേണ്ടിവരുമെന്നും ശനിയാഴ്ചയോടെ ഭൂമിയില്‍ പ്രവേശിക്കുമെന്നുമാണ് വിലയിരുത്തല്‍.
നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി പകര്‍ത്തിയ ചിത്രം സൂര്യന്റെ പുറം ഭാഗത്തെ പ്ലാസ്മയില്‍ വളരെ ഉയര്‍ന്ന ഊര്‍ജം ഉദ്പാദിപ്പിക്കപ്പെട്ടതായും അത് സൗരക്കാറ്റായി മാറി സൂര്യന്റെ ഗുരുത്വാകര്‍ഷണ ശക്തിയെ മറികടന്ന് ഭൂമിയിലെത്തുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്. ചിത്രം നല്കുന്ന സൂചനയനുസരിച്ച് സൂര്യന്റെ പുറത്തെ പ്ലാസ്മയില്‍ വലിയ ഒരു ഊര്‍ജ വിസ്ഫോടനം നടന്നിട്ടുണ്ട്.
സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിനു പിടിച്ചുനിര്‍ത്താനാവാത്തവിധം ചൂട് വര്‍ധിക്കുന്നതോടെയാണ് സൗരക്കാറ്റിന്റെ ഉത്ഭവം. ഭൂമിയുടെ കാന്തികമണ്ഡലത്തിനുള്ള ഭീഷണിക്ക് പുറമേ റേഡിയോ തരംഗങ്ങളെ ബാധിക്കാനും സാറ്റലൈറ്റുകളെ തകരാറിലാക്കാനും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകര്‍ക്കാനുമൊക്കെ ഈ സൗരക്കാറ്റിന് സാധിക്കും.
സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് അടുക്കുമ്ബോള്‍ ഭൂമിയുടെ ബാഹ്യ അന്തരീക്ഷം ചൂടാകും. കൂടാതെ റേഡിയോ സിഗ്നലുകള്‍, ആശയവിനിമയം, കാലാവസ്ഥ എന്നിവയിലും സൗരക്കാറ്റ് നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഭൂമിയുടെ ബാഹ്യ അന്തരീക്ഷത്തെ ചൂടാക്കുകയും ഉപഗ്രഹങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്യും.
ജിപിഎസ് നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍, സാറ്റലൈറ്റ് ടിവി എന്നിവയെ തടസപ്പെടുത്താനും സൗരക്കാറ്റിനു കഴിഞ്ഞേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
എന്നിരുന്നാലും, മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കുകയുള്ളുവെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
കാരണം ഭൂമിയുടെ കാന്തികക്ഷേത്രം അതിനെതിരേ ഒരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്നതാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.പതിനൊന്ന് വര്‍ഷങ്ങളുടെ ഇടവേളകളിലാണ് സാധാരണ സൗരക്കാറ്റ് ഉണ്ടാകാറുള്ളത്. ഇത്തരത്തില്‍ ഭൂമിയിലെത്തുന്ന സൗരക്കാറ്റുകളില്‍ മിക്കവയും വിനാശകാരികളല്ല. 32 വര്‍ഷം മുന്‍പുണ്ടായ സൗരക്കാറ്റ് വിനാശകാരിയായിരുന്നു.
1989 മാര്‍ച്ചിലെ സൗരക്കാറ്റിനെത്തുടര്ന്ന് കാനഡയിലെ ക്യുബെക് പ്രവിശ്യയില്‍ വൈദ്യുതി മുടങ്ങിയിരുന്നു. ഏകദേശം ഒന്‍പതു മണിക്കൂറാണ് അന്ന് വൈദ്യുതി തടസപ്പെട്ടത്. അത് 60 ലക്ഷത്തോളം ജനങ്ങലെ ബാധിച്ചതായാണ് വിലയിരുത്തപ്പെട്ടത്.കൂടാതെ 1859 ലും 1921 ലും സൗരക്കാറ്റുകള്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. കാരിംഗ്ടണ്‍ സംഭവം എന്നാണ് 1859ലെ സൗരക്കാറ്റ് അറിയപ്പെടുന്നത്. അന്നു വാര്‍ത്താ വിനിമയ ബന്ധങ്ങളെല്ലാം തകരാറിലായിരുന്നു. ഇതുമൂലം യൂറോപ്പിലെയും അമേരിക്കയിലെയും ടെലിഗ്രാഫ് ശൃംഖല വലിയതോതില്‍ തകര്‍ച്ച നേരിട്ടിരുന്നു.
സൂര്യനില്‍ എന്താണ് സംഭവിച്ചത്?
സൂര്യനിലുണ്ടായ സ്ഫോടനം പ്ലാസ്മയുടെ ഒരു വലിയ സുനാമി സൃഷ്ടിക്കുകയും അത് സോളാര്‍ ഡിസ്കിലുടനീളം അലയടിച്ചു 1,00,000 കിലോമീറ്റര്‍ ഉയരത്തില്‍ വ്യാപിക്കുകയും സൂര്യന്റെ അന്തരീക്ഷത്തിലൂടെ സെക്കന്‍ഡില്‍ 700 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്തു. കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന കൊറോണഗ്രാഫുകള്‍, സിഎംഇകള്‍ സൂര്യനില്‍ നിന്ന് സെക്കന്‍ഡില്‍ 1,260 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പായുന്നതായി രേഖപ്പെടുത്തി. ഈ കണങ്ങള്‍ ഭൂമിയിലേക്ക് ത്വരിതഗതിയില്‍ സഞ്ചരിക്കുകയാണ്.
ഏറ്റവും തീവ്രമായ ഫ്ളെയറുകളായി തരംതിരിച്ചിട്ടുള്ളവയാണ് എക്സ്-ക്ലാസ് ഫ്ളെയറുകള്‍. എക്സ് 2 ഫ്ളെയറുകള്‍ക്ക് എക്സ് 1ന്റെ ഇരട്ടി തീവ്രതയാണെന്നും എക്സ് 3 മൂന്ന് മടങ്ങ് തീവ്രതയുള്ളതാണെന്നുമാണ് നാസ പറയുന്നത്. X10 അല്ലെങ്കില്‍ അതിലും ശക്തമായ ജ്വലനങ്ങള്‍ക്ക് അസാധാരണമാംവിധം തീവ്രമായി കണക്കാക്കപ്പെടുന്നു.
എന്താണ് ഭൗമ കാന്തിക കൊടുങ്കാറ്റ്
ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശ പരിതസ്ഥിതിയിലേക്ക് വളരെ കാര്യക്ഷമമായ ഊര്‍ജ്ജ കൈമാറ്റം നടക്കുമ്ബോള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഭൂകാന്തിക കൊടുങ്കാറ്റ്. ഇതിന്റെ ഫലമായുണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റുകള്‍ സോളാര്‍ കൊറോണല്‍ മാസ് എജക്ഷനുമായി (CMEs) ബന്ധപ്പെട്ടിരിക്കുന്നു.