പത്തനംതിട്ട:കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.
റിസര്‍വോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാല്‍, 2021 ഒക്ടോബര്‍ 21 മുതല്‍ 31 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 979.84 മീറ്റര്‍ ആണ്.
കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 977.84 മീറ്റര്‍, 978.84 മീറ്റര്‍, 979.34 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് ചേര്‍ന്നതിനാല്‍ 18/10/2021 ന് രാവിലെ 11 മണി മുതല്‍ ഡാമിന്റെ 2 ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടുള്ളതും തുടര്‍ന്ന് ജല നിരപ്പ് കുറഞ്ഞതിനാല്‍ 27/10/2021 ന് ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിട്ടുള്ളതുമാണ്.
തുടര്‍ന്ന് 28/10/2021 ന് 979.34 മീറ്റര്‍ എത്തിയതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുന്നതായിരിക്കും.നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും, ആവശ്യമെങ്കില്‍ അധികൃതര്‍ ആവിശ്യപ്പെടുന്ന മുറക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണ്.