25 C
Kottayam
Saturday, May 18, 2024

മരണത്തിന് കാരണമായെന്ന് സംശയം; ഇന്ത്യന്‍ പെര്‍ഫ്യൂം പിന്‍വലിച്ച് വാള്‍മാര്‍ട്ട്

Must read

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂം അമേരിക്കയില്‍ വിവിധയിടങ്ങളില്‍ ദുരൂഹമരണങ്ങള്‍ക്ക് കാരണമായതായി സംശയം. ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ച അരോമതെറാപ്പി സ്‌പ്രേ സംശയത്തെത്തുടര്‍ന്ന് വാള്‍മാര്‍ട്ട് പിന്‍വലിച്ചു. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാള്‍മാര്‍ട്ട് വിപണിയിയില്‍ നിന്നും ഉല്‍പന്നം പിന്‍വലിച്ചത്.

നാല് പേര്‍ക്ക് മെലിയോയിഡോസിസ് രോഗം ബാധിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നടപടി. ജോര്‍ജിയ, കന്‍സാസ്, മിനസോട്ട, ടെക്‌സസ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ ജോര്‍ജിയയില്‍ നിന്നുള്ള കുട്ടി അടക്കം രണ്ട് പേര്‍ മരിച്ചു.

പകരുന്ന രോഗമായ മെലിയോയിഡോസിസ് വളരെ അപൂര്‍വമായി മാത്രമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യാറ്. വര്‍ഷത്തില്‍ 12 പേര്‍ക്ക് എന്ന നിലയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത നാല് പേരുടേയും രോഗ ഉറവിടം വ്യക്തമായിട്ടില്ല.

എന്നാല്‍ ജോര്‍ജിയ സ്വദേശിയായ രോഗികളിലൊരാളുടെ വീട്ടില്‍ ഈ പെര്‍ഫ്യൂം കണ്ടെത്തിയതോടെയാണ് പഠനം നടത്തിയത്. പെര്‍ഫ്യൂമില്‍ ബര്‍ഖൊല്‍ഡീരിയ സ്യൂഡോമലെയ് എന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും ഇതാണ് മെലിയോയിഡോസിസ് രോഗത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലാണ് നിര്‍മിച്ചത് എന്നതിനപ്പുറം പെര്‍ഫ്യൂമിന്റെ നിര്‍മാണം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ 21 വരെ വാള്‍മാര്‍ട്ടിന്റെ വെബ്സൈറ്റിലൂടെ 55 സ്റ്റോറുകളില്‍ ഇത് വില്‍പനയ്ക്ക് വെച്ചിരുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ രോഗികളുടെ രക്തസാമ്പിളുകളും രോഗികളുടെ വീട്ടിലേയും പരിസരത്തേയും മണ്ണ്, വെള്ളം എന്നിവയും പരിശോധിക്കുന്നുണ്ട്.

പെര്‍ഫ്യൂം നിര്‍മിച്ചത് ‘ഫ്ളോറ ക്ലാസിക്’ ആണെന്നും ‘ബെറ്റര്‍ ഹോംസ് ആന്‍ഡ് ഗാര്‍ഡന്‍സ്’ എന്ന ബ്രാന്റിന് കീഴിലാണ് വില്‍പന നടത്തിയതെന്നും വാള്‍മാര്‍ട്ട് പ്രതിനിധി ‘ദ ഹിന്ദു’വിനോട് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week