മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്‌കറിനെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചരണം. ഒരു ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നുവെന്ന നടിയുടെ ട്വീറ്റിന് പിന്നാലെയാണ് വിദ്വേഷ പ്രചരണവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നത്.
സമാധാനപരമായി ഗുരുഗ്രാമില്‍ നിസ്‌കാരം നടത്തുന്നവര്‍ക്കെതിരെ ബജ് രംഗ് ദള്‍ പ്രവര്‍ത്തകരും വി.എച്ച്.പിയും പ്രതിഷേധവുമായി എത്തിയ സംഭവത്തില്‍ പ്രതികരിച്ചായിരുന്നു സ്വര ഭാസ്‌കറിന്റെ ട്വീറ്റ്. ജയ്ശ്രീ റാം മുഴക്കിയെത്തിയ സംഘം നിസ്‌കാരം തടസ്സപ്പെടുത്തുന്ന വീഡിയോ സ്വര റീട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ നിരവധി തീവ്രഹിന്ദുത്വ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സ്വരയ്ക്കെതിരെ ട്വീറ്റുകള്‍ വന്നുതുടങ്ങി.
നേരത്തെ, ഷാരൂഖ് ഖാന് പിന്തുണ അറിയിച്ച് രംഗത്തെത്തിയതിനും സ്വരയ്ക്കെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു സ്വരയുടെ പ്രതികരണം.
‘ഷാരൂഖ് ഖാന്‍ ദയാവായ്പിന്റേയും മാന്യമായ പെരുമാറ്റത്തിന്റെയും ഉദാഹരണമാണ്. ഒരു ആശയമെന്ന നിലയില്‍ ഇന്ത്യയിലെ മികച്ച ഗുണങ്ങളെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നതെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം എനിക്ക് വ്യക്തിപരമായി ഒരു പ്രചോദനമാണ്,’ എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.