കോട്ടയം: പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപിനെതിരെ പോലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കലിനെതിരായ വകുപ്പ് അനുസരിച്ചാണ് കേസ്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപിനെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തിരുന്നു.
ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ജയദീപിനെ സസ്പെന്റ് ചെയ്തത്.
താന്‍ യാത്രക്കാരെ സുരക്ഷിത ഇടത്തിലേക്ക് മാറ്റാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ് ജയദീപും രംഗത്തുവന്നിരുന്നു.പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു ബസ് മുങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ യാത്രക്കാരെ രക്ഷപ്പെടുത്തുകയും ബസ് വലിച്ച് കരയ്ക്കെത്തിക്കുകയും ചെയ്തു.