വണ്ടൂർ: വീട്ടുവളപ്പിൽ കെട്ടിയിട്ട ആടിനെ വിഴുങ്ങുന്നതിനിടെ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. എറിയാട് സ്വദേശിയുടെ വീട്ടുവളപ്പിൽ കെട്ടിയിട്ട ആടിനെയാണ് പാമ്പ് പിടികൂടിയത്. തിരുവാലി എറിയാട് തൊണ്ടിയിൽ പുല്ലുവളപ്പിൽ ഹുസൈന്റെ വീട്ടുവളപ്പിലായിരുന്നു പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഹുസൈന്റെ അയൽവാസി കാണാതായ ആടിനെ തിരയുന്നതിനിടെ കുറ്റിക്കാട്ടിൽ നിന്ന് കരച്ചിൽ കേട്ടു. അവിടെ എത്തിയപ്പോഴാണ് ആടിനെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു.
എല്ലാവരും ചേർന്ന് സാഹസികമായി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. എന്നാൽ, ആട് അപ്പോഴേക്ക് ചത്തിരുന്നു. പെരുമ്പാമ്പിനെ നാട്ടുകാർ പിന്നീട് വനപാലകർക്ക് കൈമാറി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ക്രെയിൻ ഉപയോഗിച്ച് മറ്റൊരു കുറ്റൻപാമ്പിനെ ഉയർത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും ഒരു ദിനപത്രത്തിലും പ്രചരിപ്പിച്ചത് ജനങ്ങളിൽ ആശയകുഴപ്പത്തിനും ഇടയാക്കി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ യാഥാർഥ്യമല്ലെങ്കിലും ഒരുപാട് ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കിളിമാനൂരിലും പട്ടിയെ വിഴുങ്ങിയ ശേഷം കിടന്നുറങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടിയിരുന്നു. 13ന് ഉച്ചയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടി ചാക്കിൽ കെട്ടി വനംവകുപ്പിന് കൈമാറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ വീണ്ടും കാട്ടിൽ ഉപേക്ഷിച്ചു. ഇതിന് ഒരാഴ്ച മുമ്പ് തൃശ്ശൂരിൽ രണ്ട് തെരുവ് നായകളെ തിന്ന് അവശനിലയിലായ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പിനെ ഏൽപിച്ചിരുന്നു. കോട്ടയത്ത് ദേശീയപാതയിലും മറ്റൊരു പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.