മുണ്ടക്കയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ 13 പേരെ കാണാതായി. പലേടത്തേക്കും രക്ഷാപ്രവർത്തകർക്കു കടന്നു ചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ടു തന്നെ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ജില്ലയുടെ കിഴക്കൻമേഖലകളിൽ വലിയ ദുരന്തമാണ് നടന്നിരിക്കുന്നതും അടിയന്തര സഹായം വേണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.
പ്ലാപ്പള്ളിയിൽ ഉരുൾപ്പൊട്ടി മൂന്ന് വീടുകൾ ഒലിച്ചു പോയി. മറ്റൊരു വീടിനു മുകളിലേക്കു മണ്ണ് ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമൊക്കെ നേതൃത്വത്തിലാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്.
റോഡുകളിൽ വെള്ളം കയറി ഒറ്റപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് കടന്നു ചെല്ലുന്നതിനും വലിയ പ്രതിബന്ധം അനുഭവപ്പെടുന്നുണ്ട്. ഇന്ന് രാവിലെ മുതൽ കുട്ടിക്കൽ പഞ്ചായത്തിൽ പലയിടങ്ങളിലും ആളുകളെ മാറ്റി പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കുട്ടിക്കൽ ടൗൺ ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളത്തിനടയിലാണ്. കുട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുൻ എംഎൽഎ പി.സി. ജോർജും പറഞ്ഞു. തന്റെ വീട്ടിലും വെള്ളം കയറുന്ന സ്ഥിതിയാണ്. ആദ്യമായാണ് താൻ ഇവിടെ ഇത്രയധികം വെള്ളം കാണുന്നതെന്നും പി.സി. ജോർജ് പറഞ്ഞു.
പാലായിൽ വൈകാതെ പ്രളയം എത്തുമെന്നും കച്ചവടക്കാർ അടക്കമുള്ളവർ സാധന സാമഗ്രികൾ വെള്ളം കയറാത്ത പ്രദേശങ്ങളിലേക്കു മാറ്റി സൂക്ഷിക്കുന്നതു നല്ലതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.