തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര വികസിപ്പിച്ചെടുത്ത കോവിഡ് 19 പരിശോധനാ കിറ്റിന് അംഗീകാരം ലഭിച്ചു. പിസിആർ, ലാംപ് പരിശോധനകൾക്കായി ശ്രീ ചിത്ര വികസിപ്പിച്ചെടുത്ത കിറ്റായ ‘ചിത്ര മാഗ്ന’യ്ക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. കിറ്റുകൾക്ക് ഡ്രഗ് കൺട്രോളർ അനുമതി നൽകിയതോടെ വ്യവസായിക അടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ഉടൻ ആരംഭിക്കാനാകും. ഇതിനായി കൊച്ചി ആസ്ഥാനമായ കമ്പനിയുമായി കരാറും ആയിട്ടുണ്ട്.
മാഗ്നറ്റിക് ബീഡ് അടിസ്ഥാന ആർ.എൻ.എ എക്‌സ്ട്രാക്ഷൻ കിറ്റാണ് ശ്രീചിത്ര വികസിപ്പിച്ചത്. സ്രവങ്ങളിൽനിന്ന് ആർ.എൻ.എ വേർതിരിക്കുന്നതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആർ.എൻ.എ എക്‌സ്ട്രാക്ഷൻ കിറ്റാണ് ചിത്ര മാഗ്ന. രോഗിയിൽനിന്ന് ശേഖരിച്ച സാംപിളിൽനിന്ന് ആർ.എൻ.എ പിടിച്ചെടുക്കുന്നതിനും കേന്ദ്രീകരിക്കുന്നതിനുമായി കാന്തിക നാനോപാർട്ടിക്കിളുകൾ ഉപയോഗിക്കുന്നു.
വിപണിയിൽ ലഭ്യമായ മറ്റു ആർ.എൻ.എ വേർതിരിക്കൽ കിറ്റുകളുമായി താരതമ്യം ചെയ്തു നടത്തിയ പരീക്ഷണങ്ങളിൽ ഇതുവഴി ലഭിക്കുന്ന ആർ.എൻ.എ കേന്ദ്രീകരണം 6-7 മടങ്ങ് കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. രോഗികളിൽനിന്നുള്ള സ്രവം ശേഖരിച്ച് സൂക്ഷിക്കുമ്പോഴും ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ചില വൈറസുകളുടെ ആർ.എൻ.എ വിഘടിച്ചു പോകാറുണ്ട്. ഇങ്ങനെയുള്ള ആർ.എൻ.എയും പിടിച്ചെടുക്കാൻ മാഗ്നറ്റിക് ബീഡ് അടിസ്ഥാന സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്നതാണ് പ്രത്യേകത.