തിരുവനന്തപുരം:സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി എന്ന പരാതിയിൽ കല്ലറ സ്വദേശിനിയായ സ്കൂൾ അധ്യാപികയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ സ്വദേശിനിയും സ്കൂൾ അധ്യാപികയുമായ പ്രിയ വിനോദിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കഴിഞ്ഞ ഒക്ടോബർ ഒന്നാം തീയതി പ്രിയ വിനോദ് ഡി വൈ എഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ ചിത്രം തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്‍റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നു.
ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകൾ സഹിതം നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും പ്രിയ വിനോദിനെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പിന്നീട് രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു.
എന്നാൽ തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും പറഞ്ഞ് അധ്യാപിക പ്രിയ വിനോദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.