കൊച്ചി:കരിങ്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ മലയാളിക്ക് ഒരുപക്ഷേ ചിരിവരും. കാരണം, വേറൊന്നുമല്ല, ട്രോളുകളില്‍ നിറഞ്ഞുനിന്ന ഒന്നായിരുന്നു അത്.എന്നാല്‍, ട്രോളിനുമപ്പുറം കരിങ്കോഴികളുടെ മാംസത്തിനും മുട്ടയ്ക്കും വലിയ ഔഷധഗുണമുണ്ട് എന്ന് വിശ്വസിക്കുന്നവരും ഒട്ടും കുറവല്ല. ശരിക്കും അതിലെന്തെങ്കിലും സത്യമുണ്ടോ?
ശരിക്കും കരിങ്കോഴി കേരളത്തില്‍ നിന്നുള്ളതല്ല. മറിച്ച് മധ്യപ്രദേശിലെ ജാബുവ, ധാര്‍ തുടങ്ങിയ ഗിരിവര്‍ഗ പ്രദേശങ്ങള്‍ ആണ് കരിങ്കോഴിക്ക് പ്രശസ്തം. അവിടെ അറിയപ്പെടുന്നത് കടകനാഥ് എന്നാണ്. അത് കേരളത്തിലെത്തിയപ്പോള്‍ കരിങ്കോഴി ആയി മാറി. മെലാനിന്‍ എന്ന വര്‍ണകം ശരീരത്തിലാകെ കാണപ്പെടുന്നത് കൊണ്ടാണ് ഇവ മുഴുവനായും കറുത്ത നിറത്തില്‍ കാണപ്പെടുന്നത്.
കരിങ്കോഴിയുടെ മാംസവും മുട്ടയും കഴിച്ചാല്‍ പ്രതിരോധശേഷി കൂടും എന്നതില്‍ തുടങ്ങി ലൈംഗിക ഉത്തേജനമുണ്ടാവും, വന്ധ്യത പരിഹരിക്കാന്‍ സഹായിക്കും, ഗര്‍ഭച്ഛിദ്രം തടയും എന്നുവരെ നിരവധിയായ വിശ്വാസങ്ങള്‍ കരിങ്കോഴിയെ ചുറ്റിപ്പറ്റിയുണ്ട്. എന്നാല്‍, കരിങ്കോഴിയില്‍ അത്തരത്തിലുള്ള പ്രത്യേക ഗുണങ്ങളൊന്നും തന്നെയില്ലെന്ന് കൊല്ലം പുനലൂര്‍ ഗവ. ഹൈടെക്ക് ഫാം വെറ്ററിനറി സര്‍ജനായ ഡോ. പ്രിയന്‍ അലക്സ് റെബല്ലോ പറയുന്നു.
മന്ത്രവാദവുമായി ചുറ്റിപ്പറ്റിയായിരിക്കാം ഇത്തരത്തില്‍ ഒരു വിശ്വാസം ഉണ്ടായത് എന്നും പ്രിയന്‍ അലക്സ് റെബല്ലോ പറയുന്നു. നമ്മുടെ നാട്ടില്‍ പലതരത്തിലുള്ള തട്ടിപ്പുകളും നടക്കുന്നുണ്ട്. അതൊക്കെ വിശ്വസിക്കുന്നവരാണ് നമ്മില്‍ പലരും. അതുപോലെയൊക്കെ തന്നെയാണ് കരിങ്കോഴിക്ക് ഇത്തരത്തിലുള്ള ഗുണങ്ങളുണ്ട് എന്ന് പറയുന്നതും. അതിന് ശാസ്ത്രീയാടിത്തറയില്ല. ഇന്ത്യയിലെ ഒരു നാടന്‍ ഇനമാണ് കടകനാഥ് എന്ന വ്യത്യാസം മാത്രമേയുള്ളൂ. കടകനാഥ് ഇനത്തില്‍ പെട്ട കോഴിക്ക് ഭൂസൂചിക രജിസ്ട്രേഷന്‍ കിട്ടിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ കരിങ്കോഴിയുടെ ഇറച്ചി കാണാനും രുചിയിലും വിശ്വാസമുണ്ട്.
മാരകരോഗങ്ങള്‍ ശമിപ്പിച്ച് ശരീരത്തിന് ഉത്തേജനം നല്‍കുമെന്ന് വിശ്വസിപ്പിച്ച് നക്ഷത്ര ആമയെ വിറ്റ് കാശാക്കിയവരെ കുറിച്ചടക്കമുള്ള വാര്‍ത്ത നാം കഴിഞ്ഞ ദിവസം കണ്ടതാണ്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രങ്ങളും എയര്‍പോര്‍ട്ടുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടികൂടിയത് ആയിരക്കണക്കിന് നക്ഷത്ര ആമകളെയാണ്. അതുപോലെ തന്നെ ഇരുതലമൂരിയെ വീട്ടില്‍ വളര്‍ത്തിയാല്‍ ലൈംഗീക ഉത്തേജനമുണ്ടാകും എന്ന് വിശ്വസിച്ച് പാമ്ബിനെ വീട്ടില്‍ വളര്‍ത്തിയവരും നിരവധി. അതൊക്കെ വിശ്വസിക്കുന്നത് പോലെ തന്നെയാണ് കരിങ്കോഴി എന്ന ‘അത്ഭുതകോഴി’യും.