കൊച്ചി: പുരാവസ്തുക്കളും ഉന്നത ബന്ധങ്ങളും കാണിച്ച് മോന്‍സണ്‍ മാവുങ്കല്‍ കോടികള്‍ തട്ടിയെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞതെങ്കിലും ഇയാള്‍ തട്ടിയെടുത്ത കോടികള്‍ എവിടെ എന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ടുകള്‍ ഏറെക്കുറെ ശൂന്യമാണ്. വീട്ടില്‍നിന്നും പണമൊന്നും കണ്ടെടുത്തിട്ടുമില്ല. ആരുടെയൊക്കെയോ ബിനാമിയാണോ മോന്‍സണ്‍ എന്ന സംശയവും ഇതോടൊപ്പം ഉയരുകയാണ്.
ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായോ എന്നും ഇവര്‍ സഹായങ്ങള്‍ ചെയ്തു നല്‍കിയോ എന്നുമൊക്കെ വരുംദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. വ്യാജ രേഖകള്‍ എങ്ങനെയുണ്ടാക്കി, പുരാവസ്തുക്കള്‍ എവിടെനിന്ന് എത്തിച്ചു, സാമ്പത്തിക സ്രോതസ്സ്, തട്ടിപ്പിലൂടെ ലഭിച്ച പണം എന്തുചെയ്തു എന്നീ വിവരങ്ങളാണ് അന്വേഷണം സംഘം നിലവില്‍ ചോദിച്ചറിയുന്നത്.
ഇയാള്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് മാത്രം തട്ടിയെടുത്തത് 6.27 കോടി രൂപയാണ്. പത്തനംതിട്ട സ്വദേശി രാജീവില്‍ നിന്ന് 1.62 കോടിയും. ഇതിനു പുറമേ കോഴിക്കോട് സ്വദേശി യാക്കൂബില്‍ നിന്നുള്‍പ്പെടെ ആറുപേരില്‍ നിന്നായി 10 കോടി രൂപയോളം തട്ടിയെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. പരാതി വന്നതു മാത്രം 18 കോടിയോളം രൂപയുണ്ട്. ഇതിനു പുറമേയാണ് വിദേശനിര്‍മിത ആഡംബര കാറുകളുടെ പേരിലുള്ള തട്ടിപ്പിലെ കോടികള്‍.
എങ്കിലും ഈ തുകയൊക്കെ എവിടെ പോയെന്ന് ക്രൈംബ്രാഞ്ചിന് സൂചന പോലും ലഭിച്ചിട്ടില്ല. വിദേശനിര്‍മിത കാറില്‍ നോട്ടെണ്ണല്‍ യന്ത്രം കണ്ടെടുത്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ച സൂചന ഇയാള്‍ പണം നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു എന്നാണ്. ബാങ്ക് ഇടപാടുകളോ ഡിജിറ്റല്‍ ഇടപാടുകളോ നടന്നാല്‍ രേഖയാവും എന്നതാവാം കാരണം.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ ബിനാമിയെന്ന സംശയവും ഇതിനിടെ അന്വേഷണ സംഘത്തിനുണ്ട്. കോടിക്കണക്കിന് രൂപ മോന്‍സണിലൂടെ കൈമറിഞ്ഞതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഈ തുകയുടെ ഉറവിടം തേടിയാണ് ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍.