കൊച്ചി: പുരാവസ്തുവ്യാപാരമെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിനൊപ്പം മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. പിന്നാലെ, തട്ടിപ്പുകാരനുമായി സൗഹൃദം സ്ഥാപിച്ച ഇരുവരെയും പരിഹസിച്ച് നേതാക്കള്‍ രംഗത്ത്. വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെ എന്നാണു സന്ദീപ് ജി വാര്യര്‍ പരിഹസിക്കുന്നത്.
ലക്ഷക്കണക്കിന് കോടി റിസര്‍വ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ലോക്നാഥ് ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും എങ്ങനെ സാധിച്ചുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒന്നുകില്‍ ഇവന്‍മാരൊക്കെ മണ്ടന്‍മാരാണ്, അല്ലെങ്കില്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നാണ് സന്ദീപ് വാര്യര്‍ കുറിക്കുന്നത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
തട്ടിപ്പുകാരന്‍ മോന്‍സണ്‍ അവകാശപ്പെട്ടത് പോലെ ടിപ്പുവിന്റെ വാളും സിംഹാസനവും ഒക്കെ ഒരു സ്വകാര്യ വ്യക്തിക്ക് വീട്ടില്‍ സൂക്ഷിക്കാനാകുമോ ? അതെല്ലാം രാജ്യത്തിന്റെ പൊതു സ്വത്തല്ലേ ? പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടവയല്ലേ ? ഈ ഫോട്ടോയില്‍ കാണുന്ന രണ്ട് പോലീസുകാര്‍ക്കും , പിന്നെ കെപിസിസി അദ്ധ്യക്ഷന്‍ സുധാകരനുമൊക്കെ ഈ സംശയം എന്തു കൊണ്ട് തോന്നിയില്ല ? ഫോട്ടോയില്‍ പുറകില്‍ കാണുന്നത് ആനക്കൊമ്പാണെങ്കില്‍ ഈ രണ്ട് പോലീസ് ഓഫീസേഴ്‌സും അതിന്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരുന്നില്ലേ ? ലക്ഷക്കണക്കിന് കോടി റിസര്‍വ് ബാങ്ക് തടഞ്ഞു വച്ചു എന്ന കളളക്കഥയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്ക് എങ്ങനെ സാധിച്ചു ?
ഒന്നുകില്‍ ഇവന്‍മാരൊക്കെ മണ്ടന്‍മാരാണ്.
അല്ലെങ്കില്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് തന്നെ കൂട്ടുനിന്നതാണെന്ന് വിശ്വസിക്കേണ്ടി വരും. പിടിക്കപ്പെടാന്‍ വൈകിയിരുന്നെങ്കില്‍ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയേനെ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന ലണ്ടന്‍ ട്രാം കൊച്ചിയില്‍ എന്ന് ചാനല്‍ വാര്‍ത്തയും വരും.