ന്യൂഡല്‍ഹി: നാലു ദിവസത്തെ യു.എസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. യുഎന്‍ പൊതുസഭയിലും ക്വാഡ് സമ്മേളനത്തിലും പങ്കെടുക്കാനായാണ് മോദിയുടെ സന്ദര്‍ശനം. കൊവിഡ് വ്യാപനത്തിനു ശേഷം മോദിയുടെ രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതസംഘവും ഒപ്പമുണ്ട്.
യുഎസിലെത്തിയ ഉടന്‍ കൊവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ മോദി പങ്കെടുക്കുമെന്നു വിദേശകാര്യ സെക്രട്ടറി അറിയിച്ചു. 24ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡനുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.
യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിള്‍ സിഇഒ. ടിം കുക്ക്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ-പസഫിക് പ്രശ്‌നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.തുടര്‍ന്ന് വൈറ്റ്ഹൗസില്‍ നടക്കുന്ന ആദ്യ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും.
നേരത്തേ വെര്‍ച്വലായി യോഗം ചേര്‍ന്നിരുന്നു. ഇന്ത്യ, അമേരിക്ക, ഓസ്?ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കു. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയുടെ 76ാം സമ്മേളനത്തില്‍ മോദിയുടെ പ്രസംഗം 25നാണ്. ഓസ്‌ട്രേലിയ, ജപ്പാന്‍ പ്രധാനമന്ത്രിമാരുമായി ന്യൂയോര്‍ക്കില്‍ ഉഭയകക്ഷി ചര്‍ച്ചയും നടത്തുന്നുണ്ട്. 26ന് തിരിച്ചെത്തും.