ദുബായ്:കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ്ക്കാരനായ സൈതലവിയ്ക്ക്.അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയാണ് 44 കാരനായ സൈതലവി.
ഒരാഴ്ച മുൻപ് സൈതലവിയുടെ സുഹൃത്താണ് ടി.ഇ 645465 നമ്പർ ടിക്കറ്റെടുത്തത്. ഇതിനുള്ള പണം സൈതലവി അയച്ചുകൊടുത്തിരുന്നു. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് തിരികെയും അയച്ചുകൊടുത്തു.ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് സമ്മാനവിവരം അറിയുന്നത്. സൈതലവിയുടെ മകൻ പിന്നീട് പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിച്ചു. ആറ് വർഷമായി സൈതലവി ദുബായിലാണ്
മീനാക്ഷി ലോട്ടറീസിന്‍റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മീഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7 കോടിയോളം രൂപയാകും സമ്മാനാർഹനു ലഭിക്കുന്നത്.