ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ച് സുരക്ഷാ സേന. ബരാമുള്ള ജില്ലയിലെ ഉറിയിലാണ് രാവിലെ മുതല്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി ഉറി സെക്ടറില്‍ സംശയാസ്പദ നീക്കം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന.
ഭീകരരാണ് അതിര്‍ത്തി കടന്ന് എത്തിയതെന്നാണ് സൂചന. അര്‍ദ്ധരാത്രിയോടെയാണ് അതിര്‍ത്തി വഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സുരക്ഷാ സേന ഇത് പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ സേനയെ കണ്ട ഭീകരര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചത്. ഇന്നലെ ശ്രീനഗറിലെ നൂര്‍ ബാഗില്‍ പോലീസുകാര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ രാജ്യത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.
അതേസമയം ഡ്രോണുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി സുരക്ഷാ സേന രംഗത്ത് വന്നു. ഡ്രോണുകള്‍ തകര്‍ക്കാന്‍ പമ്പ് ആക്ഷന്‍ ഗണ്ണുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സിആര്‍പിഎഫ്, ഐടിബിപി, എസ്എസ്ബി എന്നിവയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
രാജ്യാതിര്‍ത്തി കടന്ന് അടിക്കടി ഡ്രോണുകള്‍ എത്തുന്ന സാഹചര്യത്തിലാണ് പമ്പ് ആക്ഷന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് നേരിടാന്‍ തീരുമാനിച്ചത്. ഇതിനോടകം തന്നെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും, സൈനിക ക്യാമ്പുകളിലും ഗണ്ണുകള്‍ എത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിലും പമ്പ് ആക്ഷന്‍ ഗണ്ണുകള്‍ ഉപയോഗിക്കാമെന്നാണ് സുരക്ഷാ സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന തോക്കുകളാണ് പമ്പ് ആക്ഷന്‍ ഗണ്ണുകള്‍. 60 മുതല്‍ 100 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കുന്ന ഡ്രോണുകളെ നശിപ്പിക്കാന്‍ ഇത്തരം തോക്കുകള്‍ ഉപയോഗിച്ച് ഫലപ്രദമായി സാധിക്കും. ജനവാസ മേഖലകളില്‍ മാരക ആയുധങ്ങള്‍ ഉപയോഗിക്കുന്നത് ജനങ്ങള്‍ക്ക് ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പമ്പ് ആക്ഷന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ക്കാനുള്ള തീരുമാനം.
ഡ്രോണ്‍ ഭീഷണി പതിവായ സാഹചര്യത്തില്‍ നിരീക്ഷണ പോസ്റ്റുകളില്‍ അതിര്‍ത്തി സംരക്ഷണ സേന ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉയര്‍ന്ന് പറക്കുന്ന ഡ്രോണുകളെ നശിപ്പിക്കാന്‍ ഇത്തരം ഗണ്ണുകള്‍ ഫലപ്രദമാണ്.