പാലാ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കണ്ടു ചര്‍ച്ച നടത്താന്‍ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി ബിഷപ്‌സ് ഹൗസിലെത്തി. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ ചര്‍ച്ചയായി മാറിയതിനിടെയാണ് സന്ദര്‍ശനം. നിരവധി നേതാക്കളാണ് ഈ ദിവസങ്ങളില്‍ ബിഷപ്പിനെ കണ്ടു വിഷയം ചര്‍ച്ച ചെയ്യാനും പിന്തുണ പ്രഖ്യാപിക്കാനുമൊക്കെയാണ് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ സുരേഷ് ഗോപിയും ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.
അങ്ങോട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനില്ലെന്നും എന്നാല്‍ വിളിച്ചാല്‍ സഹായിക്കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നതു മറികടന്നാണ് ഇന്നു സുരേഷ് ഗോപി നേരിട്ടുതന്നെ ബിഷപ്പിനെ കാണാനായി എത്തിയത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് സുരേഷ് ഗോപി നിലപാട് മാറ്റി ബിഷപ്പിനെ കാണാനെത്തിയതെന്നാണ് കരുതുന്നത്. താന്‍ എംപി എന്ന നിലയില്‍ മാത്രമാണ് ബിഷപ്പിനെ കാണാനെത്തിയതെന്നും സൗഹൃദം പങ്കിടുകയായിരുന്നു ലക്ഷ്യമെന്നും സന്ദര്‍ശത്തിനു ശേഷം ഇറങ്ങിവന്ന സുരേഷ് ഗോപി പ്രതികരിച്ചു.
ബിഷപ് ഏതെങ്കിലും മതത്തിനു ദോഷമായ രീതിയില്‍ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു സാമൂഹ്യപ്രശ്‌നം തന്റെ ജനത്തോടു പറയുക മാത്രമാണ് അദ്ദേഹം ചെയ്‌തെന്നും എംപി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മറ്റു നിരവധി നേതാക്കളും ബിഷപ്‌സ് ഹൗസിലെത്തിയിരുന്നു. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ബിഷപ് നല്‍കിയതിനു പിന്നാലെ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം തുടങ്ങിയതോടെയാണ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പേര്‍ എത്തിത്തുടങ്ങിയത്.
പി.ജെ.ജോസഫ് എംഎല്‍എ, പി.സി.ജോര്‍ജ്, മോന്‍സ് ജോഫസ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. നിര്‍മല ജിമ്മി, ആന്റോ പടിഞ്ഞാറേക്കര അടക്കമുള്ള വിവിധ പാര്‍ട്ടികളിലെ നിരവധി പ്രാദേശിക നേതാക്കളും വന്നു.
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള മാര്‍ ജോസഫ് കല്ലറങ്ങാട്ടിലെ ഫോണില്‍ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളും ഇന്നു പാലായിലെത്തി ബിഷപ്പിനെ കാണുമെന്ന് അറിയിച്ചിരുന്നു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ കണ്ടതിനു പിന്നാലെയാണ് പാലാ ബിഷപ്പിനെയും സന്ദര്‍ശിക്കുമെന്നു നേതാക്കള്‍ അറിയിച്ചത്.