ചാലക്കുടി: പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്ത് വിവാദത്തിലായ നവമാധ്യമ താരം നിമിഷക്കെതിരെ അസഭ്യവര്‍ഷം തുടരുന്നു. ചാലക്കുടി സ്വദേശിനിയായ നിമിഷ ഇന്‍സ്റ്റഗ്രാമിലിട്ട ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു. എന്നിട്ടും തനിക്കെതിരേ അസഭ്യവര്‍ഷവും ഭീഷണിയും തുടരുകയാണെന്നും താരം പറയുന്നു.
പള്ളിയോടമാണെന്നോ കയറാന്‍ പാടില്ലെന്നോ അറിവുണ്ടായിരുന്നില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നോ, ചെരുപ്പ് ഉപയോഗിക്കരുതെന്നോ അവിടെ ബോര്‍ഡോ മറ്റോ ഉണ്ടായിരുന്നുമില്ല. ഇപ്പോള്‍ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. ഇത് ഉപയോഗിക്കാറില്ലെന്നും പഴയ വള്ളമാണ്, പുതിയത് പണിയുകയാണെന്നുമാണ് കൂടെ വന്നയാളും പറഞ്ഞതെന്നും താരം പറഞ്ഞു.
പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയുള്ള ഫോട്ടോഷൂട്ട് തന്റെ അറിവില്ലായ്മ മൂലം സംഭവിച്ചതാണെന്ന് താരം നേരത്തെ. ആചാര അനുഷ്ഠാനങ്ങള്‍ ലംഘിക്കണമെന്ന് വിചാരിച്ചിട്ടില്ല. സംഭവത്തില്‍ വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞു. പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോ ഷൂട്ട് നടത്തിയതില്‍ താരത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.
ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്. ദൈവ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നത്.
ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷമാണ് പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്. ഈ മാലിപ്പുരയില്‍ ശുദ്ധവൃത്തി ഇല്ലാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ആരും കയറില്ല. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് ആചാരലംഘനമെന്നാണ് വിമര്‍ശനം.