ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് വെബ്‌പോര്‍ട്ടലുകള്‍ വാര്‍ത്ത നല്‍കുന്നത്. ചില മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വര്‍ഗീയ ചുവയുള്ളവയാണ്. ഇത് രാജ്യത്തിന്റെ പേര് കളങ്കപ്പെടുത്തുമെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ പറഞ്ഞു.
കൊവിഡ് പരത്തിയത് തബ്ലീഗ് സമ്മേളനമാണെന്ന റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്ത് മുസ്ലിം സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ പേരെടുത്തു പറഞ്ഞ ചീഫ് ജസ്റ്റീസ് ഇവയിലൂടെ വാര്‍ത്ത നല്‍കുന്നത് യാതൊരു ഉത്തരവാദിത്തമില്ലാതെയാണെന്നും വിമര്‍ശിച്ചു.
പ്രശ്‌നം ഇതാണ്, ഒരു വിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയ കോണിലൂടെയാണ് രാജ്യത്തെ എല്ലാത്തരം സംഭവങ്ങളെയും ചിത്രീകരിക്കുന്നത്. ആത്യന്തികമായി രാജ്യത്തിന് ഇത് ചീത്തപ്പേരുണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ പോര്‍ട്ടലുകള്‍ വര്‍ഗീയത മാത്രമല്ല കഥകള്‍ മെനഞ്ഞുണ്ടാക്കുകയും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇവ വ്യാജ വാര്‍ത്തകള്‍പോലും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ജനങ്ങളോടോ, കോടതിയോടോ പോലും സാമൂഹ്യ മാധ്യമ കമ്പനികള്‍ പ്രതിബദ്ധത കാട്ടുന്നില്ല. കരുത്തരായ ആളുകളോട് മാത്രമാണ് അവര്‍ പ്രതികരിക്കുന്നത്. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്പനികള്‍ പറയുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.