കെ.കെ.ശൈലജ ടീച്ചര്‍,ആരോഗ്യമന്ത്രി
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ലോകമെമ്പാടും ഇന്ന് നഴ്സസ് ദിനം ആചരിക്കുന്നത്. ആധുനിക ആതുരസേവന രീതികള്‍ക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്ളോറന്‍സ് നൈറ്റിംഗലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. 1854-56 ലെ ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി രാത്രിയിലും കത്തിച്ച റാന്തല്‍ വിളക്കുമായി നടന്ന ആ മഹതി ‘വിളക്കേന്തിയ വനിത’ എന്ന് ലോകമെമ്പാടും അറിയപ്പെട്ടു. ഈ കാലഘട്ടം ആധുനിക നഴ്സിംഗ് മേഖലയ്ക്കുള്ള വഴിത്തിരിവായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഫ്ളോറന്‍സ് നൈറ്റിംഗല്‍ നഴ്സിംഗ് പഠനം നടത്തിയത്. അക്കാലത്ത് നഴ്സിംഗ് സമൂഹം അംഗീകരിക്കുന്ന അന്തസുറ്റ ജോലിയായിരുന്നില്ല. എന്നാല്‍ ആതുര സേവനത്തിന്റെ മാഹാത്മ്യം ലോകത്തെ ബോധ്യപ്പെടുത്തുവാന്‍ ഫ്ളോറന്‍സിന് കഴിഞ്ഞു. രോഗികളുടെ എണ്ണം, മരണനിരക്ക് തുടങ്ങിയ കണക്കുകളുടെ പിന്‍ബലത്തോടെ ചികിത്സ ശാസ്ത്രീയമാക്കാന്‍ തുടക്കം കുറിച്ചത് ഫ്ളോറന്‍സ് നൈറ്റിംഗലാണ്. ഇന്നത്തെ കോവിഡ്-19ന്റെ നാളുകളില്‍ അവര്‍ ആവിഷ്‌ക്കരിച്ച ചില പ്രവര്‍ത്തന രീതികള്‍ പ്രസക്തമാണ്. ശുചിത്വം പാലിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഇടയ്ക്കിടെ കൈ കഴുകുന്നതിനും അവര്‍ പ്രേരിപ്പിക്കുകയുണ്ടായി. നഴ്സിംഗ് ജോലി ഇന്നേറ്റവും ആകര്‍ഷകമായ ജോലികളിലൊന്നാണ്. മലയാളി നഴ്സുമാര്‍ ലോകമെമ്പാടും ജോലി ചെയ്യുന്നു. വിദ്യാഭ്യാസവും കഠിനാധ്വാനവും അര്‍പ്പണമനോഭാവവും ആണ് വിദേശ രാജ്യങ്ങളില്‍ അവര്‍ക്ക് അംഗീകാരം നേടിക്കൊടുക്കുന്നത്.
കേരളത്തിലും ഇന്ത്യയിലും ആരോഗ്യ സേവനരംഗത്ത് ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന ഒരു മേഖലയാണ് നഴ്സിംഗ്. കേരളത്തില്‍ സ്വകാര്യ മേഖലയിലാണ് വലിയ ശതമാനം നഴ്സുമാരും ജോലി ചെയ്യുന്നത്. കേരളത്തില്‍ നിന്ന് തന്നെ പ്രതിവര്‍ഷം 10,000ല്‍ പരം വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് ഡിപ്ലോമയോ ബിരുദമോ നേടുന്നു. ഏതാണ്ട് അതിലധികം പേര്‍ കേരളത്തിനു പുറത്തു നിന്നും പഠിച്ചിറങ്ങുന്നുണ്ട്. എന്നാല്‍ ആതുര്‍ സേവനര്‍ംഗത്ത് തികഞ്ഞ അര്‍പ്പോണ ബോധത്തോടും ആത്മാര്‍ത്ഥതയോടും കൂടി നിര്‍ണായകമായ സേവനം നല്‍കുന്ന നഴ്സുമാര്‍ക്ക് സ്വകാര്യ മേഖലയില്‍ പലയിടത്തും അര്‍ഹതപ്പെട്ട വേതന വ്യവസ്ഥകളോ ജോലി സുരക്ഷയോ ലഭിക്കുന്നില്ല എന്നതാണ് വസ്തുത.
‘Nurses a voice to Lead Nursing the world to Health’ എന്നതാണ് ഈ വര്‍ഷത്തെ തീം. ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക് ഓരോര്‍ുത്തര്‍ക്കും അനുഭവങ്ങളുടെ ഒട്ടേറെ കഥകള്‍ ഓര്‍ത്തെടുക്കാനുണ്ടാവും. നഴ്സുമാരുടെ സേവനപഥം വളരെ വിപുലമാണെന്നും ഓരോ വ്യക്തിയുടെയും മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യ പരിപാലനമാണ് നഴ്സിന്റെ കര്‍ത്തവ്യമെന്നും ഏതു വിധത്തിലുള്ള പ്രതിസന്ധികളോടും പൊരുതുവാനും ഓരോ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനശൈലി രൂപപ്പെടുത്തേണ്ടതാണെന്നുമുള്ള ആശയം ഇത്തവണത്തെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തില്‍ ഉള്‍ക്കൊള്ളുന്നു.
ആരോഗ്യപ്രവര്‍ത്തനം എന്നത് കൂട്ടായ പ്രവര്‍ത്തനമാണ്. ഈ കോവിഡ്-19 പ്രതിരോധത്തിലും കൂട്ടായ പ്രവര്‍ത്തനമാണ് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുന്നത്. ഇതില്‍ നഴ്സുമാരുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണ്. വാക്കുകള്‍ക്ക് അതീതമായി ലോകം മുഴുവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. എങ്കിലും എന്തും നേരിടാനുള്ള ധൈര്യത്തോടെ മുന്നണി പോരാളികളായി നഴ്സുമാര്‍ അണിനിരക്കുന്നു. നിപ വൈറസിനെ ചെറുക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെടേണ്ടി വന്ന പ്രിയപ്പെട്ട ലിനിയുടെ ഓര്‍മ്മ ഈ നഴ്സസ് ദിനത്തിലും മനസില്‍ നൊമ്പരമായി നിറയുന്നു.
കോവിഡ്-19ന്റെ പ്രതിരോധത്തിനിടയില്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. സുരക്ഷ ഉപകരണങ്ങള്‍ നല്‍കിക്കൊണ്ടു മാത്രമേ കൊവിഡ് പോസിറ്റീവ് രേഗികളെ ശുശ്രൂക്ഷിക്കാന്‍ നാം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുകയുള്ളു. എന്നിട്ടും നഴ്സുമാര്‍, ജെ.എച്ച്.ഐ.മാര്‍ തുടങ്ങിയവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായി. അവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് നല്ല പരിചരണം നല്‍കിയതിനാല്‍ രോഗം ഭേദമായി. ഏറെ പ്രായം ചെന്ന രോഗികളെ ശുശ്രൂക്ഷിക്കുന്നതിനിടയിലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് രേഷ്മയ്ക്ക് രോഗബാധയുണ്ടായത്. ചികിത്സയിലിരിക്കുമ്പോള്‍ രേഷ്മ പറഞ്ഞത് രോഗം ഭേദമായാല്‍ വീണ്ടും കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുമെന്നാണ്. ഇതുതന്നെയാണ് പാപ്പയും അനീഷും സന്തോഷും പറഞ്ഞത്. ഇന്നത്തെ നഴ്സസ് ദിനത്തില്‍ ഇവര്‍ നമ്മുടെ അഭിമാനമാവുകയാണ്. വിദേശ രാഷ്ട്രങ്ങളില്‍ പലതിലും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ നഴ്സുമാരും ഡോക്ടര്‍മാരും ജോലി ചെയ്യേണ്ടി വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ രാജ്യത്തും മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നഴ്സുമാര്‍ ഇതേസ്ഥിതി നേരിടുന്നതായി പറയുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമായി കരുതേണ്ടതുണ്ട്.
ആരോഗ്യമേഖലയുടെ വികസനത്തിന് ഈ സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുകയും പ്രാഥമികാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനായി ആര്‍ദ്രം പദ്ധതിയിലൂടെ ശ്രമിക്കുകയും ചെയ്യുന്നു. പ്രാഥമികാരോഗ്യ പരിപാലനത്തില്‍ നഴ്സുമാര്‍ക്കുള്ള പങ്കും പ്രാധാന്യവും കണക്കിലെടുത്ത് അധിക തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു വരുന്നു. കഴിഞ്ഞ വര്‍ഷം സ്റ്റാഫ് നഴ്സിന്റെ 400 തസ്തികകള്‍ കൂടി പുതിയതായി സൃഷ്ടിച്ചതുള്‍പ്പെടെ ഈ സര്‍ക്കാരിന്റെ കാലയളവില്‍ മൊത്തത്തില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 937ഉം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 1054ഉം സ്റ്റാഫ് നേഴ്സുമാര്‍ുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് വളരെ വലിയ ഒരു നേട്ടമാണ്. നഴ്സുമാര്‍ുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ട്രെയിനിംഗും നല്കി വരുന്നു. കോവിഡ് വ്യാപനം ഉണ്ടായതോടെ പ്രത്യേക ട്രെയിനിംഗുകളും നല്‍കി ഓരോരുത്തരേയും സജ്ജമാക്കുകയും ചെയ്തു.
നമ്മുടെ സംസ്ഥാനത്ത് നഴ്സസ് വാരാഘോഷവും നഴ്സസ് ദിനാചര്‍ണവും വളരെ വിപുലമായ രീതിയില്‍ നടത്തിവന്നിരുന്നു. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ വിപുലമായി ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ മികച്ച സേവനം കാഴ്ചവച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനവും ഈ സുദിനത്തില്‍ നല്‍കാകനായില്ല. എങ്കിലും ഓരോരുത്തരും നല്‍കിയ മികച്ച സേവനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നുള്ളത് എവരേയും അറിയിക്കുന്നു.
ഈ കോവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളാായി ഒപ്പം നില്‍ക്കുകയാണ്. ആവശ്യത്തിനുള്ള മരുന്ന്, പിപിഇ കിറ്റ്, മാസ്‌ക്, അതുപോലെ രോഗീ പരിചര്‍ണത്തിനാവശ്യമായ ജീവനക്കാര്‍, മറ്റ് സൗകര്യങ്ങള്‍, സാധന സാമഗ്രികള്‍ എല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഈയവസരത്തില്‍ എല്ലാ നഴ്സുമാര്‍ക്കും നഴ്സസ് ദിനാശംസകള്‍. സര്‍ക്കാര്‍ ഒപ്പമുണ്ട്.