ന്യൂഡല്‍ഹി: രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഞായറാഴ്ചയാണ് സെപ്റ്റംബര്‍ 30 വരെ വിലക്ക് നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31-നു അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.
കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡി.ജി.സി.എ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസുകള്‍ കുറയുന്ന മുറയ്ക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ ചില പാതകളില്‍ സര്‍വീസ് നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ അതിര്‍ത്തികള്‍ അടഞ്ഞ് പല രാജ്യങ്ങളിലായി കുടുങ്ങികിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യയുടെ വ്യോമയാന മന്ത്രാലയം 28 രാജ്യങ്ങളുമായി എയര്‍ ബബിള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഉടമ്പടിയില്‍ യു.കെ, യു.എസ്, യു.എ.ഇ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍പ്പെടുന്നു.