കണ്ണൂർ: യൂട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹർജിയും കോടതി തള്ളി. തലശേരി സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
ഇ ബുൾജെറ്റ് വ്ലോഗർമാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ അതിക്രമിച്ചുകയറി ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് സഹോദരങ്ങൾ അറസ്റ്റിലായത്.
ഇരിട്ടി സ്വദേശികളായ എബിനും ലിബിനും ഉപാധികളോടെ കണ്ണൂർ ചീഫ് ജുഡീഷല് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, 7500 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
25000 രൂപയുടെ ആൾജാമ്യവും എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നത്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. ഇ ബുൾ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനുമെതിരേ കലാപാഹ്വാനത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമെതിരേയാണ് കണ്ണൂർ ടൗൺ പോലീസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം കേസെടുത്തിരിക്കുന്നത്.
കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയ ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും വാഹനത്തിനെതിരേ മോട്ടോർ വാഹനവകുപ്പ് തലശേരി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വാഹനം ആൾട്രനേഷൻ ചെയ്തതിന്റെ റിപ്പോർട്ടാണ് മോട്ടോർവാഹന വകുപ്പ് കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ചത്.