തിരുവനന്തപുരം: കോവിഡ് നിയന്ത്രണം പാലിക്കാത്തത്തിന്റെ പേരിൽ സംസ്ഥാനത്ത് ആകമാനം സാധാരണക്കാർക്ക് പിഴ ഈടാക്കുന്ന പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ട് നീതിയാണെന്ന ആക്ഷേപവും ഉയരുന്നു. ഏതിനും ഏതിനും പിഴ ഈടാക്കുന്ന പോലീസ് മാസ്ക് ഇല്ലാതെ പൊതുമധ്യത്തിൽ നിൽക്കുന്ന വ്യക്തിയോട് മാന്യതയോടും മര്യാദയോടും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
ബൈക്ക് യാത്രികനായ യുവാവ് ആണ് വീഡിയോ പകർത്തിയത്. ‘സാർ, ഇദ്ദേഹത്തിന് മാസ്ക് വയ്ക്കേണ്ടേ…. സാധാരണക്കാരാണെങ്കിൽ നിങ്ങൾ പെറ്റി അടിക്കില്ലേ…. ‘ എന്ന് റോഡ്‌സൈഡിൽ തന്റെ കാറിൽ ചാരിനിന്ന് മാസ്ക് ചെയ്ക്കാതെ പോലീസിനോട് സംസാരിക്കുന്ന വ്യക്തിയെ ചൂണ്ടിക്കാട്ടി യുവാവ് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഇതോടെ, സംഗതി കൈയ്യിൽ നിന്ന് പോകുമെന്ന് മനസിലായ ഒരു പോളീ സുദ്യോഗസ്ഥൻ ‘നീ പറയുന്നത് കേൾക്ക്, ഇങ്ങോട്ട് വന്നേ….’ എന്ന് യുവാവിനെ സ്നേഹത്തിൽ വിളിച്ച് കൊണ്ട് പോകുന്നുണ്ട്. മാസ്കിടാതെ നിൽക്കുന്ന വിഐപിയോടുള്ള പൊലീസിന്റെ സമീപനം ചോദ്യം ചെയ്യുന്ന യുവാവിന്റെ വീഡിയോക്ക് വൻ കൈയ്യടിയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയില്‍ ചായക്കടക്കാരന് പിഴ ചുമത്താനുളള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞത് വാർത്തയായിരുന്നു. പോലീസിന്റെ നടപടികളിൽ പ്രതിഷേധിച്ച് നിരവധി ഇടങ്ങളിൽ ജനങ്ങൾ പ്രതികരിച്ച് തുടങ്ങിയിരുന്നു. പ്രതിഷേധസൂചകമായി ഇവർ പോലീസിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.