തിരുവനന്തപുരം: കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപികരിച്ചാകും പ്രവർത്തനം. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും.സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണാണ്.
നഗരാതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ വച്ച് പൊലീസ് പരിശോധന നടത്തും. രോഗവ്യാപനം തീവ്രമായ മേഖലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണ്‍ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രമാകും യാത്ര അനുവദിക്കുക. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടും.
സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ.കൃത്യമായ രേഖകള്‍ കാണിച്ച് വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം. മെഡിക്കല്‍ സ്റ്റോറുകളും പാല്‍, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങള്‍ സമയക്രമവും കോവിഡ് പ്രോട്ടോകോളും കര്‍ശനമായി പാലിക്കേണ്ടതാണ്.
രണ്ടാംതരംഗം അവസാനിക്കും മുൻപേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതിൽ ആരോഗ്യവിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു. സിറോസർവ്വേ പ്രകാരം 55 ശതമാനം പേർ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജാഗ്രത കൈവിട്ടാൽ പ്രതിദിന കേസുകൾ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും. സംസ്ഥാനത്തെ പകുതി പേരിൽപ്പോലും വാക്സിൻ എത്താത്തതും വലിയ വെല്ലുവിളിയാണ്. സീറോ സർവ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണ്.