തൃശൂര്‍: കരിവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികളുമായി മുന്‍മന്ത്രി എ.സി മൊയ്തീന് ബന്ധമുണ്ടെന്ന് സൂചന. പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍മാര്‍ക്കറ്റ് എ.സി മൊയ്തീന്‍ മന്ത്രിയായിരിക്കേയാണ് ഉദ്ഘാടനം ചെയ്തത്.
പ്രതികളായ ബിജു കരീമിനും സി.കെ ജില്‍സിന്റെയും ഭാര്യമാര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ പങ്കാളിത്തമുള്ളത്. 2019 ജനുവരി 20നാണ് നടവരമ്പിലാണ് ‘ഷീ ഷോപ്പി’ എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. എ.സി മൊയ്തീനൊപ്പം ബിജു കരീമും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മന്ത്രി എ.സി മൊയ്തീനും ബന്ധുക്കള്‍ക്കും പങ്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരിന്നു. ബാങ്കിലെ പണം നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചെന്നും എ വിജയരാഘവന്റെ ഭാര്യ മന്ത്രി ആര്‍ ബിന്ദു മത്സരിച്ച മണ്ഡലത്തിലും ഈ പണമെത്തിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതല്ല. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ പലരും വിദേശത്താണ്. അന്വേഷണം നടത്തിയാല്‍ പല സി.പി.എം. നേതാക്കളും കുടുങ്ങും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം സി.പി.എം. നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. അത് കൊണ്ട് തന്നെ ഇത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ ഉറപ്പിച്ചു പറയുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം എടുത്തിട്ടുണ്ടെന്ന്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് അന്വേഷിക്കണമെന്നും ബി.ജെ.പി പരാതി നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസ് മല എലിയെ പ്രസവിച്ച പോലെയായെന്ന് കെ സുരേന്ദ്രന്‍ പരിഹസിച്ചു. കവര്‍ച്ചാ കേസില്‍ പണം ബി.ജെ.പിയുടേതാണെന്ന് സ്ഥാപിക്കുന്ന ഒരു അംശം തെളിവ് പോലും കാണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒരു തരത്തിലുള്ള പണമിടപാടും നടത്തിയിട്ടില്ലെന്നും ഏത് കോടതിയിലും ഇത് തെളിയിക്കാന്‍ സാധിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.