ആലപ്പുഴ: പരീക്ഷ ജയിക്കാതെ വ്യാജ അഭിഭാഷകയായി പ്രവര്‍ത്തിച്ച പ്രതി സെസി സേവ്യര്‍(27) വീണ്ടും പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞു. സെസി ചേര്‍ത്തലയിലുണ്ടെന്നറിഞ്ഞ് പോലീസെത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. കടയില്‍ ചായ കുടിച്ചിരിക്കുന്നതു കണ്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഉടന്‍ തന്നെ ആലപ്പുഴ നോര്‍ത്ത് പോലീസ് സംഘം ചേര്‍ത്തലയില്‍ എത്തുകയായിരുന്നു.
താമസിയാതെ സെസി വലയിലാകുമെന്ന് നോര്‍ത്ത് സി.ഐ. പറഞ്ഞു. ആലപ്പുഴ കോടതിയില്‍ ഇവര്‍ ഹാജരാകാനുള്ള സാധ്യതകുറവാണെന്നാണു വിലയിരുത്തുന്നത്. രാമങ്കരി സ്വദേശിയായ ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും സൂചനയുണ്ട്.
പരീക്ഷ പാസാകാതെ അഭിഭാഷകയായി പ്രവര്‍ത്തിച്ച സെസി സേവ്യര്‍ക്കുവേണ്ടി വക്കാലത്തെടുക്കുന്നതിന് ആലപ്പുഴ ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ക്കു വിലക്കേര്‍പ്പെടുത്തി. സെസി സേവ്യര്‍ വിഷയം വിവാദമായതിനെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ബാര്‍ അസോസിയേഷനാണു സെസി സേവ്യര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ത്തന്നെ പ്രതിക്കുവേണ്ടി ഹാജരാകുന്നതു ശരിയല്ലെന്നു യോഗം ചൂണ്ടിക്കാട്ടി. ഇത് സംഘടനയുടെ അച്ചടക്കം ലംഘിക്കല്‍ കൂടിയാണ്. അങ്ങനെ ആരെങ്കിലും ഹാജരായാല്‍ സംഘടനാപരമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നു നേതൃത്വം അംഗങ്ങളെ ഓര്‍മിപ്പിച്ചു.
കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങാന്‍ സെസി എത്തിയപ്പോള്‍ ആലപ്പുഴയിലെ രണ്ട് അഭിഭാഷകരുടെ സഹായം ലഭിച്ചിരുന്നു. എന്നാല്‍, ഇവര്‍ അവരുടെ വക്കാലത്തെടുത്തിരുന്നില്ല. അതേസമയം സെസി സേവ്യര്‍ വ്യാഴാഴ്ച കോടതിയിലെത്തിയതിനുശേഷം രക്ഷപ്പെട്ടത് നാണക്കേടായതായും ഒരുവിഭാഗം പറഞ്ഞു.