പാറശാല: കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. ചെങ്കല്‍ ഗ്രാമ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡിലെ ജനപ്രതിനിധിയും ആറയൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ ഡി.ഷിബു (40) വിനാണ് വെട്ടേറ്റത്.
ബുധനാഴ്ച രാത്രി 9.30 ന് ആറയൂര്‍ എ.ജി ചര്‍ച്ചിനു സമീപമാണ് സംഭവം. സാരമായി പരുക്കേറ്റ ഷിബുവിനെ ആദ്യം പാറശ്ശാല ഗവണ്‍മെന്റ് ആശുപത്രിയിലും തലയില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവം നിലക്കാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറയൂര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ ഹെഡ് ഓഫീസില്‍ നൈറ്റ് വാച്ച്മാനായി ജോലി നോക്കിയശേഷം രാത്രി ഒമ്പതോടെ തൊട്ടടുത്തുള്ള സ്വന്തം വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ച് ബാങ്കിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
ആറയൂര്‍ പുതുക്കുളം ഭാഗത്ത് വണ്ടിച്ചിറ തോടിനു കുറുകെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവില്‍ പണിഞ്ഞ പാലം ഒരു സ്വകാര്യ വ്യക്തിക്ക് മാത്രം പ്രയോജനം ചെയ്യുന്നതാണെന്ന് ആരോപണമുണ്ടായിരുന്നു. ഈ പാലം ചെങ്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനുള്ള പ്രധാന കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സിപിഎം പ്രവര്‍ത്തകരുള്‍പ്പെടുന്ന അഞ്ചംഗ സംഘം വടിവാളും മാരകായുധങ്ങളുമായി എത്തി മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഷിബു പാറശാല പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പാറശാല പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.